മലയാള സിനിമയിലെ യൂത്തന്മാർ സീനിയറിന്റെ വസതിയിൽ എത്തിയപ്പോഴെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഫഹദ്, നസ്രിയ, ഫര്‍ഹാൻ ഫാസിൽ തുടങ്ങിയ താരങ്ങൾ മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിലെത്തി. പ്രണവ് മോഹൻലാൽ, സുചിത്ര മോഹൻലാൽ, സുഹൃത്ത് സമീർ ഹംസ എന്നിവരും ചിത്രത്തിലുണ്ട്.
‘ഫാഫ’ റഫറൻസുമായി എത്തിയ മോഹൻലാൽ ചിത്രം ‘ഹൃദയപൂർവം’ ടീസർ തരംഗമാകുന്നതിനിടെ ‘സീനിയർ ആക്ടറിനൊപ്പമുള്ള’ ഫഹദിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഇതാദ്യമായല്ല ഫഹദും നസ്രിയയും മോഹൻലാലിന്റെ വസതിയിലെത്തുന്നത്. മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസ തന്നെ ഇതിനു മുമ്പ് ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരുന്നു. ‘എ നൈറ്റ് ടു റിമെംബർ’ എന്ന അടിക്കുറിപ്പോടെയാണ് ഫർഹാനും സമീർ ഹംസയും ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. ‘ഹൃദയപൂർവം’ ടീസർ ട്രെൻഡിങ് ആയത് ആഘോഷിക്കുന്ന ഫാഫയും ലാലും, ‘ദേ സീനിയർ ആക്ടറും ഫാഫയും’, എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന രസകരമായ കമന്റുകൾ.
മോഹൻലാലിനോട് ഒരു ഹിന്ദിക്കാരൻ മലയാള സിനിമ ആരാധകൻ ആണെന്നും ഫാഫയെ ആണ് ഏറ്റവും ഇഷ്ടമെന്നുമാണ് ‘ഹൃദയപൂർവം’ ടീസറിൽ പറയുന്നത്. ആരാണ് ഫാഫ എന്ന് മോഹൻലാൽ ചോദിക്കുമ്പോൾ, ഫഹദ് ഫാസിൽ എന്ന് മറ്റേയാളുടെ ഉത്തരം. മലയാളത്തിൽ വേറെയും സീനിയർ നടൻമാരുണ്ടെന്നും മോഹൻലാൽ പറയുന്നുണ്ട്. അപ്പോൾ ഇല്ല ‘ഒൺലി ഫാഫ’ എന്ന് ഹിന്ദിക്കാരൻ മറുപടി നൽകുന്നു. ടീസറിലെ ഈ രംഗത്തിനു വലിയ വരവേൽപ് ആണ് ആരാധകരുടെ ഇടയിൽ ലഭിച്ചത്.