Entertainment

21 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തീയറ്റര്‍ ഇളക്കി മറിക്കാന്‍ ഫോര്‍ ദി പീപ്പിളസ് എത്തുന്നു

മലയാള സിനിമ ഇപ്പോള്‍ റീ റിലീസിന്റെ കാലമാണ്. അടുത്തിടെ ഇറങ്ങിയ എല്ലാ റീ റിലീസും മലയാളികള്‍ ആഘോഷമാക്കിയിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ ഛോട്ടാ മുംബൈ റീ റിലീസിന് ആരാധകര്‍ ആര്‍ത്തുല്ലസിച്ച വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ കേരളക്കരയ്ക്ക് ആഘോഷിക്കാന്‍ മറ്റൊരു റീ റിലീസ് കൂടെ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയരാജ് സംവിധാനത്തില്‍ 2004ല്‍ തിയേറ്ററുകളിലെത്തിയ ഫോര്‍ ദി പീപ്പിളാണ് വീണ്ടും ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. 4k അറ്റ്മോസ് ഫോര്‍മാറ്റില്‍ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് ഓണത്തിന് ശേഷം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി സിനിമയുടെ റീ റിലീസ് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ചിത്രം 21 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയേറ്ററുകളില്‍ എത്തുമ്പോള്‍ ആരാധകര്‍ ആഘോഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

സിനിമയില്‍ ജാസി ഗിഫ്റ്റ് ഒരുക്കിയ ഗാനങ്ങള്‍ ഇന്നും ഹിറ്റുകളാണ്. ‘ലജ്ജാവതിയേ’, ‘അന്നക്കിളി’, ‘നിന്റെ മിഴിമുന’ എന്നാ ഗാനങ്ങള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്.

അരുണ്‍ ചെറുകാവില്‍, ഭരത്, അര്‍ജുന്‍ ബോസ്, പദ്മകുമാര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം നരേനും ശക്തമായ വേഷം കൈകാര്യം ചെയ്തിരുന്നു. ഗോപിക, പ്രണതി എന്നിവരായിരുന്നു ചിത്രത്തിലെ നായികമാര്‍. 40 ലക്ഷത്തിനൊരുക്കിയ ചിത്രം മൂന്ന് കോടിയോളം കളക്ഷന്‍ നേടിയിരുന്നു.