ലോകരാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ തെരയുന്ന ഏഴു തീവ്രവാദികള്‍, ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളിയ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത കൊടുംഭീകരര്‍ക്ക് താവളമൊരുക്കി പാക്കിസ്ഥാൻ.അത്യാഡംബര ജീവിതം നയിക്കുന്നവർക്ക് പാക്കിസ്ഥാനില്‍ വീരനായകരുടെ പരിവേഷമാണ്. അല്ലെങ്കിൽ ഒരു ജനതയുടെ രക്ഷകരായി സ്വയം അവതരിച്ചവർ!
പാക് സൈന്യത്തിന്റെയും രാഷ്ട്രീയനേതൃത്വത്തിന്റെയും പിന്തുണയിലും സംരക്ഷണയിലുമാണ് അവര്‍ ആഡംബരജീവിതം നയിക്കുന്നതും ലോകമെമ്പാടും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും, പ്രത്യേകിച്ച് ഇന്ത്യയില്‍. സ്വര്‍ഗവും അവിടുത്തെ സങ്കല്‍പ്പിക്കാനാകാത്ത ആഡംബരങ്ങളും മറ്റു സുഖങ്ങളും വാഗ്ദാനം ചെയ്ത് ലോകമെമ്പാടും ആക്രമണം നടത്തുന്നതിനായി യുവാക്കളെയും യുവതികളെയും റിക്രൂട്ട് ചെയ്യുകയും തീവ്രവാദവത്കരിക്കുകയും ചെയ്യുന്നു.
പഹല്‍ഗാം ആക്രമണത്തില്‍ സാധാരണക്കാരായ 26 സഞ്ചാരികളെ കൊലപ്പെടുത്തിയ പാകിസ്ഥാന് ആസ്ഥാനമായുള്ള ലഷ്കര്‍ ഇ തൊയ്ബയുടെ ശാഖയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിലെ തീവ്രവാദികള്‍ പാക്കിസ്ഥാനില്‍ വിലസുമ്പോഴും, അവരെ ലോകം കുറ്റക്കാരായി കാണുമ്പോഴും ആ രാജ്യം അവരെ പിന്തുണയ്ക്കുന്നു. അവരുടെ രാജകീയജീവിതത്തിനു കാവല്‍ക്കാരാകുന്നു. ആരൊക്കെയാണ് ഈ കൊടും തീവ്രവാദികള്‍?
ഹാഫിസ് സയീദ്
1990കളുടെ തുടക്കത്തില്‍, പാക്കിസ്ഥാന് ആസ്ഥാനമായുള്ള ഇസ്ലാമിക മതമൗലികവാദ മിഷനറി ഗ്രൂപ്പായ മര്‍കസ് ഉദ് ദവാ വല്‍ ഇര്‍ഷാദിന്റെ സൈനിക വിഭാഗമായി സയീദ് സ്ഥാപിച്ച ലഷ്കര്‍ അഥവാ എല്‍ഇടി എന്ന ഭീകര സംഘടനയുടെ തലവനാണ് ഹാഫിസ് സയീദ്. ഇന്ത്യന്‍ സൈനികര്‍ക്കും സാധാരണക്കാര്ക്കുമെതിരേയുള്ള നിരവധി ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച കൊടുംഭീകരന്. ഇന്ത്യക്കെതിരായ ലഷ്കര്‍ ആക്രമണങ്ങളുടെ പട്ടിക രക്തരൂക്ഷിതമാണ്.
ലോകം നടുങ്ങിയ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണ് ഇയാള്‍. ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളിയിട്ടുണ്ട് ഇയാള്‍. 2000ല്‍ ഡല്‍ഹിയിലെ ചെങ്കോട്ടയിലും ഇയാളുടെ ആസൂത്രണത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയിട്ടുണ്ട്.
യുഎസും ഐക്യരാഷ്ട്രസഭയും ഹാഫിസ് സയീദിനെ ആഗോളതീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാളുടെ തലയ്ക്ക് 10 മില്യണ്‍ ഡോളര്‍ ഇനാമും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സായുധ കാവലില്‍ ലാഹോറില്‍ ഈ “കൊലയാളി’ സുഖമായി താമസിക്കുന്നു.
മസൂദ് അസ്ഹര്‍
പാക് സൈന്യത്തിന്റെയും ഇന്റലിജന്‍സ് ഏജന്‍സിയുടെയും സംരക്ഷണയില്‍ പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവനാണ് മസൂദ് അസ്ഹര്‍. 59 സൈനികരെ കൊല്ലുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പുല്‍വാമ, ഉറി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ അസ്ഹറിനെ 2019 ല്‍ ഐക്യരാഷ്ട്രസഭ “ആഗോള ഭീകരന്’ – ആയി മുദ്രകുത്തി. പാക്കിസ്ഥാനില്‍ സ്വതന്ത്രനായി വിഹരിക്കുന്ന ഇയാള്‍ ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ ആസൂത്രകരിലൊരാളാണ്.
എന്നാല്‍, മസൂദ് അസര്‍ പാക്കിസ്ഥാനില്‍ ഉണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പാക് സര്‍ക്കാരിന്റെ വിചിത്രവാദം! കഴിഞ്ഞ വര്‍ഷം നവംബറില്‍ പാക്കിസ്ഥാന് പഞ്ചാബ് പ്രവിശ്യയിലെ ഇസ്ലാമിക് സെമിനാരിയില്‍ അയാള്‍ പ്രസംഗിക്കുകയും ഇന്ത്യക്കെതിരേ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടത്തുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എന്നാല്‍, പാക്കിസ്ഥാന് പ്രധാനമന്ത്രിയുടെ മൂക്കിനുകീഴെ വിലസുന്ന അയാളെ അറിയില്ലെന്നാണ് പാക്കിസ്ഥാന്റെ വാദം. മസൂദ് അസ്ഹര്‍ പാക്കിസ്ഥാനിലെ ബഹവല്‍പുര്‍ കേന്ദ്രീകരിച്ച് ഭീകരപരിശീലനം നടത്തിയിരുന്നു. ഓപ്പറേഷന് സിന്ദൂറില്‍ മസൂദിന്റെ ഭീകരക്യാംപ് ലക്ഷ്യമാക്കി ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
സാക്കിയുര്‍ റഹ്മാന് ലഖ്വി
മതമൗലികവാദ പ്രഭാഷകനും ലഷ്കര്‍ ഇ തൊയ്ബയിലെ മുതിര്‍ന്ന നേതാവുമായ സാക്കിയുര്‍ റഹ്മാന് ലഖ്വിയാണ് ഇന്ത്യയുടെും വിവിധ ലോകരാജ്യങ്ങളുടെയും പട്ടികയിലുള്ള മറ്റൊരു ആഗോളഭീകരന്‍. ലഖ്വി ഭീകരസംഘത്തിന്റെ സൈനിക മേധാവിയാണെന്നും 26/11 മുംബൈ ആക്രമണത്തിന്റെ ശില്പ്പിയാണെന്നും റിപ്പോര്‍ട്ടുണ്ട്. കുറച്ചുകാലം പാക് ജയിലിലുണ്ടായിരുന്ന ലഖ്വി പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി.
സയിദ് സലാഹുദീന്‍
ഭീകരപ്പട്ടികയിലെ നാലാമനാണ്, സയിദ് സലാഹുദ്ദീന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകര സംഘടനയുടെ തലവനും കാഷ്മീര്‍ താഴ്വരയെ “ഇന്ത്യന്‍ സേനയുടെ ശവക്കുഴി’ ആക്കുമെന്ന് പ്രതിജ്ഞയുമെടുത്തയാളാണ് സയിദ് സലാഹുദ്ദീന്.
ദാവൂദ് ഇബ്രാഹിം
ലോകത്തില്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കപ്പെടുന്ന കുറ്റവാളികളില്‍ ഒരാള്‍. മാഫിയ തലവന്‍. കുപ്രസിദ്ധമായ ഡി-കമ്പനി ക്രൈം സിന്‍ഡിക്കേറ്റിന്റെ തലവന്‍, കൊലപാതകം, കൊള്ളയടിക്കല്‍, മയക്കുമരുന്നുകടത്ത്, തീവ്രവാദം എന്നീ കുറ്റങ്ങള്‍ ചുമത്തി അന്വേഷിക്കുന്ന വ്യക്തി. ദാവൂദിന്റെ തലയ്ക്ക് 25 മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ദാവൂദ് ഇപ്പോള്‍ കറാച്ചിയിലാണു താമസം.
പാക് സര്‍ക്കാരിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന്റെയും ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സിന്റെയും (ഐഎസ്ഐ), സായുധ സേനയുടെയും സുരക്ഷയിലാണ് ഇയാളുടെ രാജകീയജീവിതം.
ഇഖ്ബാല്‍ ഭട്കൽ, റിയാസ് ഭട്കൽ
ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപിച്ച ഇഖ്ബാല്‍ ഭട്കലും, ഗ്രൂപ്പിന്റെ സഹസ്ഥാപകനും അതിന്റെ ധനസഹായിയുമായി പ്രവര്‍ത്തിക്കുന്ന സഹോദരന് റിയാസ് ഭട്കലും കൊടുംഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണ്. ഇരുവരും കറാച്ചിയിലാണ് താമസം. പാക്കിസ്ഥാൻ സർക്കാരിന്റെയും സൈന്യത്തിന്റെയും സംരക്ഷണയിലാണ് ഇവരുടെ പ്രവർത്തനങ്ങൾ.
ഇന്ത്യയെ ആക്രമിക്കാന്‍ ഒന്നിലധികം ഭീകര ഗ്രൂപ്പുകളെ വളർത്തുന്ന പാക്കിസ്ഥാൻ ലോകത്തെ “ഭീകരതയുടെ തലസ്ഥാന’മാണ്. അന്താരാഷ്ട്ര സമൂഹത്തിലെ ഉന്നതതലങ്ങളില്‍ ഇന്ത്യ ഇക്കാര്യം ഉന്നയിച്ചിട്ടും ഈ അവസ്ഥ തുടരുന്നു. ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാന്റെ പങ്ക് വര്‍ധിച്ചുവരികയാണിപ്പോള്‍.