തമിഴ് റൊമാന്റിക് കോമഡി ചിത്രമായ ‘തലൈവൻ തലൈവി’യുടെ പ്രൊമോഷനിടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസുതുറന്ന് തെന്നിന്ത്യൻ താരം നിത്യാ മേനോൻ. വിവാഹം നടക്കുന്നതുപോലെ തന്നെ മികച്ചതാണ് അത് നടക്കാത്തതതെന്നും ബന്ധങ്ങളെല്ലാം തന്നെ വേദനിപ്പിച്ചിട്ടേയുള്ളൂ എന്നും നടി വ്യക്തമാക്കി.
എല്ലാവര്‍ക്കും ഒരേപോലെ വിവാഹജീവിതം ഉണ്ടാവണമെന്നില്ലെന്ന് നിത്യാ മേനോന്‍ പറഞ്ഞു. ‘കാലക്രമേണ പ്രണയത്തെക്കുറിച്ചുള്ള എന്റെ സങ്കല്‍പ്പങ്ങള്‍ മാറിയിട്ടുണ്ട്. ഇപ്പോള്‍ അത് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു കാര്യമേയല്ല. ചെറുപ്പത്തില്‍, ഒരു പാതിയെ കണ്ടെത്തുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. കുടുംബവും മാതാപിതാക്കളും സമൂഹവും അത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്ന് തോന്നിപ്പിക്കും. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായൊരു ജീവിതം നയിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കി’- നിത്യാ മേനോന്‍ പറഞ്ഞു.
‘എല്ലാവര്‍ക്കും പ്രണയം കണ്ടെത്താനും വിവാഹം കഴിക്കാനും സാധിക്കില്ല. രത്തന്‍ ടാറ്റ വിവാഹം കഴിച്ചിരുന്നില്ല. വിവാഹം നടന്നാല്‍ നല്ലത്, നടന്നില്ലെങ്കിലും വളരേ നല്ലത്. അതെന്നെ സങ്കടപ്പെടുത്തില്ല’- അവര്‍ പറഞ്ഞു. ‘ജീവിതം ഇപ്പോള്‍ ഒരു തുറന്ന പാതയിലാണ്, അതില്‍ സന്തോഷമുണ്ട്. ഉറച്ചുപോയ എല്ലാ ധാരണകളും തകര്‍ന്നു, അത് സ്വന്തം ജീവിതം നയിക്കാന്‍ എന്നെ സ്വതന്ത്രമാക്കിയിരിക്കുന്നു’- നിത്യ വ്യക്തമാക്കി. എന്തുകൊണ്ട് താനിപ്പോള്‍ ഒരു റിലേഷനില്‍ അല്ലെന്നും നിത്യ പറഞ്ഞു. ബന്ധങ്ങളെല്ലാം തന്നെ വേദനിപ്പിച്ചിട്ടേയുള്ളൂ. അതുകൊണ്ടാണ് താന്‍ ഇപ്പോള്‍ ഒരു റിലേഷനിലും അല്ലാത്തത് എന്നായിരുന്നു നിത്യയുടെ മറുപടി.