ബോളിവുഡില്‍ ഏറെ ആരാധകരുള്ള നടനാണ് ആമിര്‍ ഖാന്‍. ഇപ്പോഴിതാ സിനിമയില്‍ സ്റ്റാര്‍ ആകുന്നതിന് മുന്നേയുള്ള തന്റെ ഓഡിഷന്‍ കാലത്തെക്കുറിച്ച് പറയുകയാണ് ആമിര്‍ ഖാന്‍. സംവിധായകന്‍ കേതന്‍ മെഹ്ത അദ്ദേഹത്തിന്റെ പുതിയ സിനിമക്ക് വേണ്ടി തന്നെ വിളിച്ചെന്നും എന്നാല്‍ മുടി മൊട്ട അടിച്ച സമയം ആയിരുന്നതിനാല്‍ ആ വേഷം തനിക്ക് ലഭിച്ചില്ലെന്ന് പറയുകയാണ് നടന്‍. ഫിലിം ഫെയര്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
ആമിര്‍ ഖാന്റെ വാക്കുകള്‍……
‘എന്റെ കാമുകി എന്നെ ഉപേക്ഷിച്ചു പോയപ്പോള്‍ ഒരു വട്ടം ഞാന്‍ മൊട്ടയടിച്ചു. അത് കഴിഞ്ഞ് ഒരാഴ്ചയായപ്പോള്‍ കേതന്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ആരോ വിളിച്ചു പറഞ്ഞു. ഞാന്‍ എവിടെയാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ ചര്‍ച്ച് ഗേറ്റില്‍ ഉണ്ടെന്ന് പറഞ്ഞു. ഞാന്‍ മുമ്പ് കേതനെ കണ്ടിട്ടില്ല. അന്ന് മൊബൈലും ഇല്ല. ഞാന്‍ വന്ന് അകത്തേക്ക് കടന്നപ്പോള്‍ കേതന്‍ എന്നെ നോക്കി ‘നീ നിന്റെ മുടിയില്‍ എന്താണ് ചെയ്തത്’ എന്ന് ചോദിച്ചു. എന്റെ മുടി ഇങ്ങനെ അല്ലായിരുന്നുവെന്ന് അവന് എങ്ങനെയറിയാം എന്ന് ഞാന്‍ ആലോചിച്ചു. ആദ്യം എന്നെ അദ്ദേഹം മറ്റൊരു വേഷത്തിലേക്ക് വേണ്ടിയായിരുന്നു വിളിച്ചിരുന്നത്. മുടി ഇല്ലാത്തതുകൊണ്ടുതന്നെ ആ ചിത്രത്തിലെ രഞ്ജിത്തിന്റെ വേഷത്തിനായി എന്നെയും എന്റെ സുഹൃത്ത് അശുഷിനെയും ഓഡീഷന്‍ ചെയ്തു. അവസാനം അശുഷിന് ആ വേഷം കിട്ടി.
പിന്നീട് ഡേവിഡ് റാത്തോഡ് സംവിധാനം ചെയ്ത വെസ്റ്റ് ഈസ് വെസ്റ്റ് എന്ന അമേരിക്കന്‍ സിനിമ ഉണ്ടായിരുന്നു. അന്ന് രാജ് സുത്ഷി, അമോല്‍, അശുതോഷ്, നീരജ്, ഞാനും ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും സുഹൃത്തുക്കളായിരുന്നു. ഒരു ഓഡീഷന്‍ ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് പോകും. ഒരു ചെറിയ സംഘം പോലെയാണ് ഞങ്ങള്‍ പോകുക. അങ്ങനെ ഞങ്ങളുടെ കൂട്ടത്തിലെ ഒരാള്‍ക്ക് ഹോളി എന്ന ചിത്രത്തില്‍ ഒരു വേഷം കിട്ടി. അതിന്റെ സംവിധായകന്‍ കേതന്‍ ആയിരുന്നു. കേതന്റെ ജോലി കാണാന്‍ വേണ്ടി ഞാനും അവന്റെ കൂടെ പോയി. സ്റ്റെഡികാമിന്റെ പ്രവര്‍ത്തനവും എനിക്ക് കാണണം എന്നുണ്ടായിരുന്നു. എന്നാല്‍ കോമഡി എന്താണെന്ന് വെച്ചാല്‍ സ്റ്റെഡികാം ഒരിക്കലും വന്നില്ല. ക്യമറാമാന്‍ ഒടുവില്‍ മുഴുവന്‍ സിനിമയും കൈകൊണ്ട് ഷൂട്ട് ചെയ്തു’.