എസ്.യു.ടി ആസുപത്രിയില്‍ നിന്നും തിരുവനന്തപുരത്തെ വേലിക്കകത്ത് എന്നു പേരുള്ള മകന്റെ വീട്ടിലേക്ക്. അവിടെ നിന്നും സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലേക്ക്. അവിടുന്ന് KSRTC ബസില്‍ ആലപ്പുഴയിലേക്ക്. വേലിക്കകത്ത് വീട്ടില്‍. അവിടുന്ന് ആലപ്പുഴ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍. ശേഷം വലിയ ചുടുക്കാട്ടിലേക്ക്. കഴിഞ്ഞ മൂന്നു ദിവസമായി കേരളം വി.എസിനു പിന്നാലെയാണ്. ആലപ്പുഴയിലേക്ക് കേരളം ചുരുങ്ങിയിരിക്കുന്നു. മന്ത്രിമാരും, കേരളത്തിലെ സകല മനുഷ്യരും കണ്ണും കാതും കൂര്‍പ്പിച്ച്, ശരീരവും മനസ്സുമായി ആലപ്പുഴയിലെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയും, മന്ത്രിമാരും ഇന്നലെ സെക്രട്ടേറിയറ്റ് അടച്ച് ഇറങ്ങിയതാണ്. ഇതുവരെ വിശ്രമം എന്നത് അറിഞ്ഞിട്ടില്ല. കാട്ടിലും മേട്ടിലും, പുഴയിലും, മണലിലും നടന്നു സമരത്തിന് നേതൃത്വം നല്‍കിയ വി.എ,സിന്റെ ചേതനയറ്റ ശരീരത്തിനൊപ്പം ജനങ്ങള്‍ നടക്കുകയായിരുന്നു. ഓടുകയായിരുന്നു. ഉറങ്ങാതെ, ജലപാനം നടത്താതെ. അദൃശ്യമായി ഓരോ മനുഷ്യരുടെയും ജീവിതത്തില്‍ സാന്നിധ്യമറിയിച്ച വി.എസിനെ യാത്രയാക്കാന്‍ എല്ലാവരുമെത്തി. പൊതു ദര്‍ശനത്തിന് വെച്ചിടത്തെല്ലാം ജനക്കൂട്ടം നിയന്ത്രണാതീതമായി. ലക്ഷക്കണക്കിന് മനുഷ്യരാണ് വി.എസിനെ കാണാനെത്തിയത്. 22 മണിക്കൂര്‍ നീണ്ട വിലാപയാത്രയില്‍ കൂടെ നടന്ന മനുഷ്യരെല്ലാം കരഞ്ഞും, മുദ്രാവാക്യം വിളിച്ചുമെല്ലാം തളര്‍ന്നു പോയിരുന്നു.
മഴയുടെ വെല്ലുവിളികളൊന്നും ആരെയും പിന്നോട്ടടിച്ചില്ല. ബന്ധുക്കള്‍ക്ക് കാണാന്‍ വീട്ടില്‍ ഭൗതിക ശരീരം വെച്ചപ്പോഴും ദൂരെ സ്ഥലങ്ങളില്‍ നിന്നും എത്തിയവര്‍ വി.എസിനെ സ്വന്തം നെഞ്ചിലേറ്റി കാണാനെത്തിയിരുന്നു. ജില്ലാക്കമ്മിറ്റി ഓഫീസില്‍ നിന്നും വി.എസ് യാത്ര ആയിക്കഴിഞ്ഞു. ഇനി ഒടുവിലത്തെ സ്ഥലമായ വലിയ ചുടുകാടില്‍ ആ യാത്ര അവസാനിക്കും.
CONTENT HIGH LIGHTS; Kerala has been reduced to Alappuzha: Politics has been reduced to VS; All emotions have reached a boiling point; Now those two letters in politics are in the memories