ഡബ്ലിന്: അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ നഗ്നനാക്കി ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചു. ആക്രമണത്തിൽ നാല്‍പതുകാരന്റെ മുഖത്തും കൈകൾക്കും കാലിനും സാരമായി പരിക്കേറ്റു. അയര്‍ലന്‍ഡിന്റെ തലസ്ഥാന നഗരമായ ഡബ്ലിന് സമീപത്തുള്ള ടാലറ്റില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.
കുട്ടികളോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. എന്നാല്‍, ആക്രമണത്തിന് കാരണം വംശീയ വിദ്വേഷമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഐറിഷ് ടൈംസ് പങ്കുവച്ച റിപ്പോര്‍ട്ടിലും വംശീയ ആക്രമണം എന്ന പരാമര്‍ശമുണ്ട്. ജൂലൈ 19ന് വൈകുന്നേരം ഡബ്ലിൻ 24ലെ ടാലറ്റിലെ പാർക്ക്ഹിൽ റോഡിലാണ് ഒരുകൂട്ടം ഐറിഷ് യുവാക്കൾ ചേർന്ന് ആഴ്ചകൾക്ക് മുമ്പ് അയർലാൻഡിലേക്ക് കുടിയേറിയ ഇന്ത്യക്കാരനെ ക്രൂരമായി ആക്രമിച്ചത്.
വഴിയിലുപേക്ഷിക്കപ്പെട്ട നിലയിൽക്കണ്ട ഇയാളെ യാത്രക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇന്ത്യക്കാരെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങൾ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.