പ്രേക്ഷകര്‍ എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന തിരിച്ചുവരവാണ് സൂര്യയുടേത്. നടന്റേതായി അവസാനമിറങ്ങിയ റെട്രോയും കങ്കുവയും ബോക്‌സ് ഓഫീസില്‍ കാര്യമായ വിജയമുണ്ടാക്കിയിരുന്നില്ല. വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന അടുത്ത സിനിമയിലാണ് സൂര്യ ഇനി അഭിനയിക്കുന്നത്. ഇപ്പോഴിതാ നടന്റെ പിറന്നാള്‍ പ്രമാണിച്ച് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.
പക്കാ സ്‌റ്റൈലിഷ് ലുക്ക് ആയിട്ടാണ് സൂര്യ ഈ സിനിമയില്‍ എത്തുന്നതെന്ന് സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ‘ലക്കി ഭാസ്‌കര്‍’ എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന സിനിമയാണ് സൂര്യ 46 . ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ ചിത്രത്തിനായി സൂര്യയുടെ പ്രതിഫലം 50 കോടിയായിരിക്കും എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മമിത ബൈജു ആണ് സിനിമയില്‍ സൂര്യയുടെ നായികയായി എത്തുന്നത്. രാധിക ശരത്കുമാര്‍, രവീണ ടണ്ഠന്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
അതേസമയം, ഇനി പുറത്തിറങ്ങാനുള്ള സൂര്യ ചിത്രമായ കറുപ്പിന്റെ ടീസര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. നടന്റെ പിറന്നാള്‍ ദിനത്തോടെ അനുബന്ധിച്ചാണ് ടീസര്‍ ഇറക്കിയിരിക്കുന്നത്. മികച്ച വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ടീസറിന് ലഭിക്കുന്നത്. മാസ് രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഫൈറ്റ് സീനുകളും പഞ്ച് ഡയലോഗുകളോടും കൂടി എത്തിയ ടീസര്‍ നിമിഷനേരം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.