ആന്ധ്രാപ്രദേശിന്റെ ഉപമുഖ്യമന്ത്രിയായ പവന്‍ കല്യാണ്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും സിനിമയില്‍ സജീവമാണ്. ഇപ്പോഴിതാ തനിക്ക് സ്ഥിരവരുമാനം ഉണ്ടായിരുന്നെങ്കില്‍ അഭിനയം പണ്ടേ നിര്‍ത്തിയേനെ എന്ന് തുറന്ന് പറയുകയാണ് പലന്‍ കല്യാണ്‍. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പവന്‍ കല്യാണിന്റെ പ്രതികരണം.
പവന്‍ കല്യാണിന്റെ വാക്കുകള്‍…..
‘സിനിമയും രാഷ്ട്രീയവും ഒരുമിച്ചുകൊണ്ടുപോവുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. രാഷ്ട്രീയ എതിരാളികളുമായി പോരടിക്കുന്നു, പൊതുനയങ്ങളെക്കുറിച്ച് സംസാരിക്കുന്നു. പെട്ടെന്ന് ഒരുദിവസം സിനിമയിലേക്ക് തിരികെപ്പോയി നൃത്തം ചെയ്യുകയോ നാടകീയമായ സംഭാഷണങ്ങള്‍ പറയുകയോ ചെയ്യുന്നു. അവിടെയാണ് ഞാന്‍ ശരിക്കും ബുദ്ധിമുട്ടുന്നത്.
അഭിനയം പണ്ടേ നിര്‍ത്തേണ്ടതായിരുന്നോ എന്ന് ചിലപ്പോള്‍ ചിന്തിക്കാറുണ്ട്. എന്നാല്‍, എന്റെ ഏകവരുമാനമാര്‍ഗം സിനിമയാണ്. അതിനാല്‍ അഭിനയം തുടരേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം രാജ്യസേവനമാണ്. എനിക്ക് ആവശ്യത്തിന് പണവും സ്ഥിരവരുമാനവുമുണ്ടായിരുന്നെങ്കില്‍ ഞാന്‍ സിനിമ ചെയ്യുമെന്ന് തോന്നുന്നില്ല. കാരണം എനിക്ക് സിനിമയേക്കാള്‍ താത്പര്യം രാഷ്ട്രീയമാണ്’.
പവന്‍ കല്യാണിന്റേതായി ‘ഹരി ഹര വീര മല്ലു’ എന്ന സിനിമയാണ് റിലീസിന് ഒരുങ്ങുന്നത്. ജൂലൈ 24 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ‘ഉസ്താദ് ഭഗത് സിംഗ്’ എന്ന പൊലീസ് ഡ്രാമയിലാണ് നിലവില്‍ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.