ഗായകനായും സംവിധായകനായും നടനായും താരം മലയാളികലുടെ മനസില്‍ ഇടം നേടി കഴിഞ്ഞ താരമാണ് വിനീത് ശ്രീനിവാസൻ. ഇപ്പോഴിതാ ഹൃദയം സിനിമയുമായി ബദ്ധപ്പെട്ട അനുഭവങ്ങള്‍ തുറന്നുപറയുകയാണ് താരം.
വിനീതിന്റെ വാക്കുകള്‍..
ഒരു ദിവസം ഹിഷാം എന്റെ അടുത്ത്, ‘വിനീതേട്ടാ, നിങ്ങളുടെ സിനിമകള്‍ എനിക്ക് കിട്ടില്ലെന്ന് അറിയാം. വിനീതേട്ടന്‍ ഷാന്‍ ചേട്ടന്റെ കൂടെ മാത്രമേ വര്‍ക്ക് ചെയ്യൂവെന്നും അറിയാം. എന്നാല്‍ വിനീതേട്ടന്റെ കൂട്ടുകാരുടെ ആരുടെയെങ്കിലും നല്ല സിനിമകള്‍ ഉണ്ടെങ്കില്‍ എന്നോട് പറയണേ’ എന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് ഭയങ്കര സങ്കടമായി.
ഞാന്‍ വീട്ടില്‍ വന്ന് കുറേ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഉറങ്ങാനൊന്നും പറ്റിയില്ല. നമ്മുടെ ഒരു യെസ് കൊണ്ട് ആരുടെയെങ്കിലും ജീവിതം മാറ്റുമെന്ന് അറിയുമ്പോള്‍ നമുക്ക് വല്ലാത്ത ഒരു ഫീല്‍ ആണല്ലോ. ഒരു മ്യൂസിക് ഡയറക്ടറിന് അവരുടെ ബെസ്റ്റ് ചെയ്യാന്‍ കഴിയുന്ന സിനിമയാണ് ഹൃദയം എന്നെനിക്കറിയാം. അങ്ങനെ ഞാന്‍ ചെയ്താല്‍ അവന്റെ ജീവിതം മാറും. അതേസമയം എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനോട് ഞാന്‍ ഇക്കാര്യം പറയുകയും വേണം.
ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി. വെളുപ്പിന് ഒരു നാല് മണിവരെ അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ട് ഞാന്‍ അവസാനം ദിവ്യയുടെ അടുത്ത് ഉള്ള കാര്യം പറഞ്ഞു. ദിവ്യ അത് കേട്ടിട്ട് ‘ഷാനിന്റെ അടുത്ത് സംസാരിക്ക്, അവന് കാര്യം പറഞ്ഞാല്‍ മനസിലാകും’ എന്ന് പറഞ്ഞു. ഇതേകാര്യത്തെ കുറിച്ച് ഞാന്‍ എന്റെ സുഹൃത്ത് നോബിളിനോടും സംസാരിച്ചിരുന്നു. അവനും ദിവ്യ പറഞ്ഞ അതേ കാര്യം തന്നെയാണ് പറഞ്ഞത്.
അങ്ങനെ അവസാനം ഞാന്‍ ഷാനിന്റെ അടുത്ത് പോയി സംസാരിച്ചു. ഞാന്‍ പറയുന്നത് കേട്ടപ്പോള്‍ അവന് ആദ്യം ഷോക്ക് ആയിരുന്നു. കാരണം അത്രയും കാലം ഞങ്ങള്‍ ഒന്നിച്ചായിരുന്നു. പിന്നെ കുറച്ചുനേരം അവന്‍ തലതാഴ്ത്തി ഇരുന്ന് ആലോചിച്ചിട്ട് കുഴപ്പമില്ല ഓക്കെ ആണെന്ന് പറഞ്ഞു. ഷാനിന്റെ അടുത്ത് നിന്ന് ഇറങ്ങിയിട്ട് ഞാന്‍ കുറേനേരം കലൂര്‍ പള്ളിയില്‍ പോയിരുന്നു. കാരണം ഞാന്‍ ചെയ്യുന്നത് ശരിയാണോ എന്ന കാര്യത്തെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ പിറ്റേന്ന് ഞാന്‍ ഹിഷാമിനെ വിളിപ്പിച്ചു. അവന്‍ വന്നപ്പോള്‍ ഞാന്‍ എന്റെ അടുത്ത സിനിമക്ക് മ്യൂസിക് ചെയ്യാന്‍ പറ്റുമോയെന്ന് ചോദിച്ചു. അത് കേട്ട് അവന്‍ പൊട്ടിക്കരഞ്ഞു,’ വിനീത് ശ്രീനിവാസന്‍ പറയുന്നു.
content highlight: Vineeth Sreenivasan