എഎംഎംഎ തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുകയാണ്. ഓരോ സ്ഥാനത്തേക്കും താരങ്ങളുടെ വലിയ നിരയാണ് മത്സരിക്കുന്നത്. ഇപ്പോഴിതാ തെരഞ്ഞെടുപ്പിനെതിരെ നടൻ രവീന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആറുപേർ നാമനിർദേശ പത്രിക സമർപ്പിക്കുന്നതെന്ന് നടൻ രവീന്ദ്രൻ പറഞ്ഞു. പ്രമുഖ മാധ്യമത്തോടാണ് താരത്തിന്റെ പ്രതികരണം.
രവീന്ദ്രന്റെ വാക്കുകളിങ്ങനെ…
ഞാന്‍, ശ്വേതാ മേനോൻ, ജഗദീഷ്, ദേവൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഞാനും ബാബുരാജ്, അനൂപ് ചന്ദ്രൻ എന്നിവരുമാണ് നൽകിയിരിക്കുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനത്തേക്കൊക്കെ പലരും പത്രിക നൽകിയിട്ടുണ്ട്.
ഞാൻ പ്രസിഡന്റ് സ്ഥാനം ഉൾപ്പടെ എല്ലാ സ്ഥാനത്തേക്കും പത്രിക നൽകിയിട്ടുണ്ട്. മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു ശേഷം വന്ന ഇലക്‌ഷൻ ആണല്ലോ. ഇപ്പോൾ ഇരിക്കുന്ന കമ്മറ്റിയോട് തൃപ്തി ഇല്ലാത്തതുകൊണ്ടാണല്ലോ മോഹൻലാൽ മാറിയത്.
ജനറൽ സെക്രട്ടറി സ്ഥാനത്തു മാത്രം മൂന്നുപേർ മാത്രമേ പത്രിക നൽകിയിട്ടുള്ളൂ, ബാക്കി എല്ലാ സ്ഥാനത്തേക്കും ഏഴെട്ടുപേർ വച്ച് ഉണ്ട്. എന്തോ വലിയ കളികൾ ഇതിനു പിന്നിൽ നടക്കുന്നുണ്ട്. പലരും പലരുടെയും ബിനാമിയായിട്ടാണ് നിൽക്കുന്നത് എന്നാണ് എന്റെ ബലമായ സംശയം. പലരെയും വച്ച് വോട്ട് സ്പ്ലിറ്റ് ചെയ്യാനാണ് എന്നാണു എന്റെ തോന്നൽ. എന്താണ് ഇതിനു പിന്നിലെ കളികൾ എന്ന് കാത്തിരുന്ന് കാണാം.
31 ാം തീയതി മാത്രമേ ഫൈനൽ സ്ഥാനാർത്ഥികൾ ആരൊക്കെയാണെന്ന് അറിയാൻ സാധിക്കൂ. ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞതേ ഉള്ളൂ, ആവശ്യമുള്ളവർക്ക് പിൻവലിക്കാൻ സമയമുണ്ട്. ആര് തിരഞ്ഞെടുക്കപ്പെട്ടാലും താര സംഘടനയായ ‘അമ്മ’യിലെ പ്രവർത്തനങ്ങൾ സുതാര്യമായി നടക്കണം എന്നാണ് എന്റെ ആഗ്രഹം.
content highlight: AMMA Election