മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. എന്നാല്‍ മലയാളത്തില്‍ മാത്രമല്ല തമിഴ്,തെലുങ്ക് എന്നീ ഭാഷകളിലും നടന്‍ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. സിനിമാപ്രേമികള്‍ ഒന്നാക്കെ ആവേശത്തോടെ കൊണ്ടാടിയ ചിത്രമായിരുന്നു അല്ലു അര്‍ജുന്‍ നായകനെത്തിയ പുഷ്പ. സിനിമയില്‍ വില്ലനായെത്തിയത് ഫഹദ് ഫാസില്‍ ആയിരുന്നു. ഒന്നാം ഭാഗത്തില്‍ ഫഹദിന് വലിയ ബില്‍ഡ് അപ്പ് നല്‍കി അവസാനിപ്പിച്ചെങ്കിലും രണ്ടാം ഭാഗത്തില്‍ കോമാളിയാക്കി എന്നായിരുന്നു പ്രധാനമായി വന്ന വിമര്‍ശനം. ഇപ്പോഴിതാ സിനിമയുടെ പേരെടുത്ത് പറയാതെ തനിക്ക് ആ സിനിമയുടെ കാര്യത്തില്‍ തെറ്റുപറ്റിയെന്ന് തുറന്ന് പറയുകയാണ് ഫഹദ്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
ഫഹദിന്റെ വാക്കുകള്‍…….
‘കഥാപാത്രത്തിന്റെ ധാര്‍മിക വശം എനിക്ക് പ്രധാനപ്പെട്ടതാണ്. ഇവര്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്ന് പരിശോധിക്കും. എന്നാല്‍ കഴിഞ്ഞ വര്‍ഷം വന്ന ഒരു സിനിമയുടെ കാര്യത്തില്‍ ഞാന്‍ പരാജയപ്പെട്ടു. എനിക്ക് ആ സിനിമയെ പറ്റി സംസാരിക്കണമെന്നില്ല. കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിലല്ലെങ്കില്‍ പിന്നെ അത് വിട്ടേക്കണം. കിട്ടിയ പാഠം ഉള്‍ക്കൊണ്ട് അങ്ങ് പോകണം’.
ഫഹദിന്റെതായി ആവേശം, വേട്ടയ്യന്‍, ബൊഗൈന്‍വില്ല, പുഷപ 2 തുടങ്ങിയ ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം റീലീസ് ചെയ്തത്. ആവേശത്തിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. പുഷ്പ ഒഴികെയുള്ള മറ്റു സിനിമകളെ കുറിച്ചെല്ലാം ഫഹദ് തുറന്ന് സംസാരിച്ചിരുന്നു. എന്നാല്‍ പുഷയിലെ തന്റെ വേഷം ആദ്യ ഭാഗത്തെ അപേക്ഷിച്ച് രണ്ടാം ഭാഗത്തില്‍ അത്ര മികച്ച ആയിരിക്കില്ലെന്ന് നേരത്തെ തന്നെ ഫഹദ് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഫഹദ് പേരെടുത്ത് പറയാതെ പുഷ്പയെ വിമര്‍ശിച്ചതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നത്.