Entertainment

‘ഒഴിവ് സമയങ്ങളില്‍ രജനി സാര്‍ ആത്മകഥ എഴുതാറുണ്ട്’; വെളിപ്പെടുത്തലുമായി ലോകേഷ് കനകരാജ്

കൂലി സിനിമയുടെ സെറ്റില്‍ വെച്ച് ഒഴിവു സമയങ്ങളില്‍ നടന്‍ രജനികാന്ത് ആത്മകഥ എഴുതുമെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ലോകേഷ് കനകരാജ്. അതാത് കാലഘട്ടങ്ങളില്‍ നടന് സംഭവിച്ച കാര്യങ്ങളാണ് എഴുതുന്നതെന്നും ലോകേഷ് പറഞ്ഞു. തന്നോട് മാത്രം പങ്കിട്ട കാര്യങ്ങളില്‍ സന്തോഷം ഉണ്ടെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോകേഷിന്റെ വാക്കുകള്‍….

‘കൂലി സിനിമയുടെ അവസാന രണ്ട് ഷെഡ്യൂളുകളില്‍ രജനികാന്ത് സാര്‍ തന്റെ ആത്മകഥ എഴുതുന്ന തിരക്കിലായിരുന്നു. എല്ലാ ദിവസവും അദ്ദേഹം ഒഴിവുസമയങ്ങളില്‍ സെറ്റുകളില്‍ വന്ന് എഴുതുമായിരുന്നു. അതാത് കാലഘട്ടങ്ങളില്‍ തനിക്ക് സംഭവിച്ച കാര്യങ്ങള്‍ അദ്ദേഹം പറയുമായിരുന്നു. അത് ഞാനല്ലാതെ മറ്റാരുമായും പങ്കിടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അത് എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു’.

മറ്റാരുമായും പങ്കുവെക്കാത്ത കാര്യങ്ങള്‍ സൂപ്പര്‍സ്റ്റാര്‍ പങ്കുവെച്ചിട്ടുണ്ട്. ആ അനുഭവം എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നായിരിക്കും. ആ മനുഷ്യന്‍ കടന്നുപോയ അനുഭവങ്ങളാണ് അതില്‍ നിന്നും ഉള്‍ക്കൊള്ളാനാവുന്നത്. അദ്ദേഹം തരണം ചെയ്ത പ്രതിസന്ധികളാണ് ഞാനുള്‍പ്പെടെ എല്ലാവരെയും അദ്ദേഹവുമായി ബന്ധിപ്പിക്കുന്ന ഒരു പൊതുഘടകം’.

അതേസമയം, രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. ആഗസ്റ്റ് 14 ന് സിനിമ ആഗോളതലത്തില്‍ റീലീസ് ചെയ്യും.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍, റീബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.