ഇന്ദ്രന്‍സും മീനാക്ഷി അനൂപും പ്രധാന വേഷത്തിലെത്തുന്ന ‘പ്രൈവറ്റി’ന്റെ ട്രെയ്ലര്‍ പുറത്ത് വിട്ടു മമ്മൂട്ടി കമ്പനി. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ട്രെയ്ലര്‍ പുറത്ത് വിട്ടത്. പുതുമയുള്ള പശ്ചാത്തലത്തില്‍ ഇരുവരുടെയും സ്‌ക്രീന്‍പ്രസന്‍സും പെര്‍ഫോമന്‍സും ട്രെയ്ലറില്‍ ഒരു ഫീല്‍ഗുഡ് ഫാക്ടര്‍ സൃഷ്ടിച്ചിട്ടുണ്ട്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയിലറിലുണ്ട്.
നേരത്തെ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകളും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്ത് വന്നിരുന്നു. ഇന്ദ്രന്‍സിന്റെ കഥാപാത്രത്തിന്റെ പേര് ബാലന്‍ മാരാര്‍ എന്നാണെന്നും മീനാക്ഷിയുടേത് അഷിത ബീഗം എന്നാണെന്നും ഇവയില്‍ റിവീല്‍ ചെയ്തിരുന്നു. പിന്നാലെയെത്തിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും വ്യത്യസ്തമായിരുന്നു. ഇന്ദ്രന്‍സിനും മീനാക്ഷിക്കുമൊപ്പം അന്നു ആന്റണിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സി ഫാക്ടര്‍ ദ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ ബാനറില്‍ വി കെ ഷബീറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. തജു സജീദാണ് ലൈന്‍ പ്രൊഡ്യൂസര്‍, പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രമായ കളങ്കാവല്‍ അടക്കം നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍. നവാഗതനായ അശ്വിന്‍ സത്യയാണ് സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.