Entertainment

‘ഒരുകൈ ഇല്ലാത്തവന് പുഷ്പം പോലെ ഇറങ്ങി പോകാന്‍ പറ്റുന്നതാണോ കേരളത്തിലെ ജയിലുകള്‍?’; സന്തോഷ് പണ്ഡിറ്റ്

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദ ചാമി ജയില്‍ ചാടി എന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. ഇക്കാര്യത്തില്‍ സന്തോഷ് പണ്ഡിറ്റ് പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. ലോക ചരിത്രത്തില്‍ ആദ്യമായിരിക്കും ഒരു ഒറ്റ കയ്യന്‍ ജയില്‍ ചാടുന്നതെന്ന് സന്തോഷ് പറയുന്നു. ഒരുകൈ ഇല്ലാത്തവന് പുഷ്പം പോലെ ഇറങ്ങി പോകാന്‍ പറ്റുന്നതാണോ നമ്പര്‍ 1 കേരളത്തിലെ ജയിലുകളെന്നും സന്തോഷ് പരിഹസിക്കുന്നുണ്ട്.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍…..

‘ഗോവിന്ദ ചാമി ജയില്‍ ചാടി രക്ഷപ്പെട്ട വാര്‍ത്ത അറിഞ്ഞു ഞെട്ടിപ്പോയി. (ലോക ചരിത്രത്തില്‍ ആദ്യമായിരിക്കും ഒരു ഒറ്റ കയ്യന്‍ ജയില്‍ ചാടുന്നത്) ട്രെയിനില്‍ നിന്ന് സൗമ്യ എന്ന ഒരു പാവം പെണ്‍കുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ആണ് ഗോവിന്ദ ചാമി ജയില്‍ ചാടിയത്. ഒറ്റക്കയ്യന്‍ ഇതൊക്കെ ആരുടേയും സഹായം ഇല്ലാതെ ചെയ്ത് രക്ഷപ്പെട്ടെന്ന് ജനം എങ്ങനെ വിശ്വസിക്കും? ഒരു കൈ ഇല്ലാത്തവന് പോലും പുഷ്പം പോലെ ഇറങ്ങി പോകാന്‍ പറ്റുന്നതാണോ നമ്പര്‍ 1 കേരളത്തിലെ ജയിലുകള്‍? ക്രിമിനലുകളെ നമ്മുടെ നികുതി പണം ഉപയോഗിച്ച് മട്ടന്‍ ബിരിയാണി, ചിക്കന്‍, മീന്‍ ഒക്കെ തീറ്റി കൊടുത്ത് സുഖവാസത്തിന് വിട്ടാല്‍ ഇതൊക്കെ സംഭവിക്കാം. ഇനിയെങ്കിലും ജയിലില്‍ നോണ്‍ വെജ് കൊടുക്കരുത്. പഴയത് പോലെ ഗോതമ്പ് ഉണ്ട കൊടുത്താല്‍ മതി. (വാല്‍ കഷ്ണം..ഇവന്‍ ഈ ചെയ്ത കൊലപാതകം ഉത്തര്‍ പ്രാദേശിലോ മറ്റോ ആയിരുന്നെങ്കില്‍, അന്നേ, യു പി മോഡല്‍ ശിക്ഷ നല്‍കി പടമായേനേ..)’.

ഇന്ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ ജയിലില്‍ നിന്നും ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ആറ് മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍ തളാപ്പിലെ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നാണ് ഇയാളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഒന്നരമാസത്തെ ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം.

അതെസമയം ജയില്‍ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് റിമാന്റ് ചെയ്ത് അയച്ചിരിക്കുന്നത്. ഇന്ന് അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. വിയ്യൂരിലേക്കുള്ള മാറ്റം ജയില്‍ വകുപ്പ് തീരുമാന പ്രകാരമാണ്. പ്രതിയെ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.