കൊറിയൻ ഡ്രാമയുടെ വരവോടെ ഇന്ത്യക്കാരും അവരുടെതുപോലെ തിള ക്കമാർന്ന ഗ്ലാസ് സ്കിൻ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഇതിനായി വലിയ തുക ചിലവഴിച്ച് മാർക്കറ്റിലെ പല സൗന്ദര്യ വർധക വസ്തുക്കളും വാങ്ങുന്നവർ ഉണ്ട്. എന്നാൽ ഇനി അത്തരം സാഹസത്തിനു മുതിരണ്ട. കുറഞ്ഞ ചിലവിൽ ഗ്ലാസ് സ്കിൻ സ്വന്തമാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്.
കൊറിയ, ചൈന തുടങ്ങിയ ആളുകളുടെ ചർമത്തിന് ജനിതകപരമായി ഉണ്ടാകുന്ന ചില പ്രത്യേകതകൾ ഗ്ലാസ് സ്‌കിൻ ഉണ്ടാകാൻ സഹായിക്കുന്നതാണ്. എന്നാൽ നമ്മുടെ ചർമത്തിന് ഈ പ്രത്യേകതകൾ കുറവായതിനാൽ ഇത് സാധ്യമാകുമോ? ഗ്ലാസ് സ്‌കിൻ എന്നാൽ ജലാംശമുള്ള തിളങ്ങുന്ന ചർമം എന്നാണ് അർത്ഥം. കൃത്യമായ രീതിയിൽ ചില കാര്യങ്ങൾ ചർമത്തിന് വേണ്ടി ചെയ്താൽ ഇത് ആർക്കും ഉണ്ടാക്കിയെടുക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.
തൈര്
തൈര്, മഞ്ഞൾപ്പൊടി, വിറ്റാമിൻ ഇ, തേൻ, എന്നിവ തുല്യ അളവിൽ എടുത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടാം. ഇരുപത് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
തൈര്, കാപ്പിപ്പൊടി, തേൻ, എന്നിവ തുല്യ അളവിൽ എടുത്ത് നന്നായി യോജിപ്പിച്ച് മാസ്‌ക് ആയി മുഖത്തിടാം. ഇത് ഇരുപത് മിനിട്ടിനു ശേഷം കഴുകാം. തൈരിൽ അരിപ്പൊടി, ഗ്രീൻ ടീയുടെ പൊടി, തേൻ, എന്നിവ ചേർത്ത് യോജിപ്പിച്ച ശേഷം അഞ്ചു മിനിറ്റ് വയ്ക്കുക. ഗ്രീൻ ടീയുടെ പൊടി അതുമായി നന്നായി യോജിച്ചതിന് ശേഷം ഈ മാസ്‌ക് മുഖത്ത് തേയ്ക്കാം. മുഖത്തിനു വന്ന തിളക്കവും മിനുസവും നേരിട്ട് അനുഭവിച്ചറിഞ്ഞോളൂ.
കഞ്ഞിവെള്ളം
കഞ്ഞി വെള്ളം വളരെ നിസ്സാരമായി കാണുന്നവരാണ് നമ്മൾ. പനി വന്നാൽ ക്ഷീണത്തിനു ഇതിനേക്കാൾ നല്ലൊരു ഔഷധമില്ല. പക്ഷെ കക്ഷിയുടെ സൗന്ദര്യ സംരക്ഷത്തെക്കുറിച്ച് എത്ര പേർക്കറിയാം? കൊറിയൻ സുന്ദരിമാരുടെ സൗന്ദര്യ സംരക്ഷണ വസ്തുക്കളിൽ ഏറ്റവും മുന്നിലാണ് കഞ്ഞി വെള്ളം. മുഖത്തിനും മുടിയ്ക്കും ഒരുപോലെ ഗുണകരമാണ് കഞ്ഞി വെള്ളം. മുഖം ഗ്ലാസ് പോലെ തിളങ്ങാൻ കഞ്ഞി വെള്ളം കൊണ്ടുള്ള കൊറിയൻ സുന്ദരിമാരുടെ രഹസ്യകൂട്ടുകൾ ബെസ്റ്റാണ്.