രൺബീർ കപൂർ നായകനായി അഭിനയിച്ച ‘റോക്ക്സ്റ്റാർ’ എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് നർഗിസ് ഫക്രി. അടുത്തിടെ ‘ഹൗസ്ഫുൾ 5’ എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമയിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തിയത്. ഇപ്പോഴിതാ നർഗിസ് തന്റെ ആരോഗ്യം, ഫിറ്റ്നസ്, ഭക്ഷണരീതിയെക്കുച്ചെല്ലാം മനസുതുറക്കുകയാണ്.
താരം നർഗിസ് ഫക്രി സൗന്ദര്യ സംരക്ഷണത്തിന് അവലംബിക്കുന്നത് അങ്ങനെയൊരു മാർഗമാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും ഭക്ഷണത്തിൽ കാര്യമായ കുറവ് വരുത്തുകയോ ഇടയ്ക്ക് ഉപവസിക്കുകയോ ചെയ്യുന്നവരുണ്ടെങ്കിലും ചർമത്തിന്റെയും മുഖത്തിന്റെയും സൗന്ദര്യം മെച്ചപ്പെടുത്താൻ ദിവസങ്ങളോളം പട്ടിണി കിടക്കുന്നവർ നർഗിസിനെ പോലെ അധികം ഉണ്ടാവില്ല.
ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഈ കടുത്ത ഉപവാസ രീതിയെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. വർഷത്തിൽ രണ്ടു തവണ തുടർച്ചയായി ഒൻപത് ദിവസം ഭക്ഷണം കഴിക്കാതിരിക്കുമെന്നാണ് നർഗിസ് പറയുന്നത്. ഈ ദിവസങ്ങളിൽ വെള്ളം കുടിക്കുക മാത്രമേ ചെയ്യൂ. തുടക്കം മുതൽ അവസാനം വരെ ഖരാഹാരം പാടെ ഒഴിവാക്കും. എന്നാൽ ഇത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും താരം പറയുന്നുണ്ട്. കുറച്ചു കഷ്ടപ്പാട് സഹിച്ചാലും ഈ ഉപവാസത്തിന്റെ അവസാനം അതിമനോഹരമായ രൂപ ഭംഗി ലഭിക്കുമെന്നാണ് നഗീസിന്റെ അവകാശവാദം.
ഒൻപത് ദിവസങ്ങൾ അവസാനിക്കുമ്പോഴേക്കും താടിയെല്ലുകൾ മികച്ച ആകൃതിയിൽ കാണപ്പെടും. മുഖമാകെ പ്രത്യേക തിളക്കം ലഭിക്കുകയും ചെയ്യും. ഇങ്ങനെയൊക്കെയാണെങ്കിലും താൻ ചെയ്യുന്നതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആരാധകർ ഈ ഉപവാസ രീതി പിന്തുടരരുതെന്നും താരം മുന്നറിയിപ്പ് നൽകുന്നുണ്ട്. സൗന്ദര്യ പ്രശ്നങ്ങൾക്ക് പെട്ടെന്നുള്ള പരിഹാരമാണ് എല്ലാവർക്കും വേണ്ടത്. എന്നാൽ അങ്ങനെയൊരു പരിഹാരമാർഗമില്ല. കൃത്യമായ ഉറക്കം, ആഹാരം, ജലാംശം നിലനിർത്തൽ അങ്ങനെ പല കാര്യങ്ങൾ കൂടിച്ചേരുമ്പോൾ മാത്രമേ സൗന്ദര്യം നിലനിർത്താനാവു. ഇവയ്ക്കൊപ്പം പോഷകസമൃദ്ധവും വൈറ്റമിനും ധാതുക്കളും അടങ്ങിയ ഭക്ഷണവും ഉൾപ്പെടുത്തുന്നതാണ് തന്റെ രീതി എന്നും നർഗിസ് വിവരിക്കുന്നുണ്ട്.
നർഗിസിന്റെ ഈ ഉപവാസ രീതി വളരെ വേഗത്തിൽ ചർച്ചയായി. എന്നാൽ സൗന്ദര്യ സംരക്ഷണത്തിനായി ഒരിക്കലും ഇങ്ങനെയൊരു മാർഗം അവലംബിക്കരുതെന്ന മുന്നറിയിപ്പാണ് ആരോഗ്യവിദഗ്ധർ നൽകുന്നത്. ശരാശരി ആരോഗ്യമുള്ള വ്യക്തികൾ ഒൻപത് ദിവസം വെള്ളം മാത്രം കുടിച്ചുകൊണ്ട് ജീവിക്കുന്നത് ഗുണത്തെക്കാളുപരി ദോഷം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. ഇലക്ട്രോലൈറ്റുകളുടെ അസന്തുലനം, നിർജലീകരണം, മസിലുകളുടെ ആരോഗ്യം നഷ്ടപ്പെടൽ, തലചുറ്റൽ, അമിതക്ഷീണം, വൃക്കകളുടെ പ്രവർത്തനം തടസ്സപ്പെടുന്നത് എന്നിവ തുടങ്ങി ഹൃദയമിടിപ്പിന്റെ താളം പോലും തെറ്റുന്ന നിലയിലേക്ക് ഈ ഉപവാസരീതി നയിച്ചേക്കാം. രണ്ടുദിവസത്തിനു മുകളിൽ ഭക്ഷണം ഒഴിവാക്കുന്നുണ്ടെങ്കിൽ അത് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രമേ പാടുള്ളൂ എന്നാണ് മുന്നറിയിപ്പ്.
ശരീരത്തിൽ ജലാംശം നഷ്ടപ്പെടുന്നത് മൂലമാണ് ഉപവാസത്തിനുശേഷം മെലിഞ്ഞ രീതിയിൽ കാണപ്പെടുന്നത്. ഇത് സൗന്ദര്യം വർധിച്ചതായി കണക്കാക്കാനാവില്ല. ഒൻപത് ദിവസം വെള്ളം മാത്രം കുടിച്ചശേഷം ശരീരത്തിനു തോന്നുന്ന ക്ഷീണം മാത്രമാണിതെന്നും അമിതഭാരം നഷ്ടപ്പെടുകയോ ആരോഗ്യം മെച്ചപ്പെടുകയോ ചെയ്തതിന്റെ ലക്ഷണമല്ലെന്നും നുട്രീഷനിസ്റ്റുകൾ പറയുന്നു. ഭക്ഷണം പാടെ ഒഴിവാക്കുന്നതിനു പകരം ശരീരത്തിനും ചർമത്തിനും ആരോഗ്യവും ഭംഗിയും നൽകുന്ന രീതിയിൽ സമീകൃതാഹാരം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുകയും കൃത്യമായ ഉറക്കം ശീലിക്കുകയും വ്യായാമം ചെയ്യുകയും ചെയ്താൽ സ്വാഭാവിക തിളക്കവും ഭംഗിയും ചർമത്തിന് താനേ ലഭിക്കുമെന്നും വിദഗ്ധർ ഓർമപ്പെടുത്തുന്നു.