മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് എമ്പുരാന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ചിത്രം അതിലും വലിയ കാന്‍വാസിലാണ് പൃഥ്വിരാജ് ഒരുക്കിയത്. ഇപ്പോഴിതാ മറ്റൊരു ചിത്രം സംവിധാനം ചെയ്തതിന് ശേഷമേ ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ അസ്രായേലിലേക്ക് കടക്കൂ എന്ന് തുറന്ന് പറയുകയാണ് പൃഥ്വിരാജ്. എമ്പുരാന്റെ നിര്‍മ്മാണവേളയില്‍ നേരിട്ട ഒരു വലിയ പ്രതിസന്ധിയെക്കുറിച്ചും പൃഥ്വിരാജ് പറയുന്നുണ്ട്. ഒരു യുട്യൂബര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പൃഥ്വിരാജിന്റെ വാക്കുകള്‍…..
‘ലൂസിഫര്‍ മൂന്നാം ഭാഗത്തിന് മുന്‍പ് മറ്റൊരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ട് എനിക്ക്. അങ്ങനെയാണ് ഞാന്‍ സാധാരണ ചെയ്യാറ്. ഒരേ ഫ്രാഞ്ചൈസി ചിത്രങ്ങള്‍ തുടരെ ചെയ്യണമെന്നില്ല എനിക്ക്. അടുത്ത ചിത്രത്തെക്കുറിച്ച് ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ്’.
‘നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി, എമ്പുരാന്റെ കാസ്റ്റിംഗ് നടത്തുന്ന സമയത്താണ് സാഗ് സമരം (ഹോളിവുഡ് സ്റ്റുഡിയോകള്‍ക്കെതിരെ സ്‌ക്രീന്‍ ആക്‌റ്റേഴ്‌സ് ഗില്‍ഡ് (സാഗ്) ആരംഭിച്ച സമരം) ആരംഭിക്കുന്നത്. ഞങ്ങള്‍ക്ക് സിനിമയില്‍ സഹകരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന ഒരുപാട് അഭിനേതാക്കള്‍ സാഗുമായി കരാര്‍ ഒപ്പിട്ടിരുന്നവരാണ്. അവരുടെ ഓഫീസുകളെല്ലാം അടച്ചിരുന്നു ആ സമയത്ത്. കരാറുകള്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. പലരും തത്വത്തില്‍ എമ്പുരാനില്‍ സഹകരിക്കാന്‍ സമ്മതിച്ചിരുന്നു. പക്ഷേ ആ സമയത്ത് അവരുടെ പ്രതിനിധികളൊന്നും പ്രവര്‍ത്തിച്ചിരുന്നില്ല. അതിനാല്‍ സംസാരിക്കാനും സാധിച്ചില്ല. അതിനാല്‍ സാഗുമായി കരാറില്‍ ഏര്‍പ്പെടാത്ത അഭിനേതാക്കളിലേക്ക് ഞങ്ങള്‍ക്ക് തിരിയേണ്ടിവന്നു. ഭാഗ്യത്തിന് ജെറോം ഫ്‌ലിന്‍ സാഗുമായി കരാര്‍ ഇല്ലാത്ത നടനായിരുന്നു. റിക്ക് യൂനും അതുപോലെതന്നെ’.