മാറിമറിയുന്ന കുടുംബബന്ധങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുകയാണ് ബോളിവുഡ് താരം സുനില്‍ ഷെട്ടി. വിട്ടുവീഴ്ച ചെയ്തും പരസ്പരം മനസിലാക്കിയും വേണം ജീവിക്കാനെന്നും. ഇന്നത്തെ കാലത്ത് വിവാഹജീവിതത്തെ പ്രധാനമായും ബാധിക്കുന്നത് ക്ഷമയില്ലായ്മയാണെന്നും കൂടാതെ ഡിജിറ്റല്‍ ലോകത്ത് നിന്ന് ലഭിക്കുന്ന ഉപദേശങ്ങള്‍ക്കെതിരെയും സുനില്‍ ഷെട്ടി തുറന്നടിച്ചു. പിങ്ക് വില്ലയോട് സംസാരിക്കുമ്പോളായിരുന്നു താരം തന്റെ അഭിപ്രായം പങ്കുവെച്ചത്.
‘ഇന്ന് എല്ലാവരും ഉപദേശം നല്‍കുന്നു. എങ്ങനെ നല്ലൊരു അമ്മയാകണം, നല്ലൊരു അച്ഛനാകണം, എന്ത് കഴിക്കണം, എന്ത് ചെയ്യണം എന്നെല്ലാം വെര്‍ച്വല്‍ ലോകമാണ് പറഞ്ഞുതരുന്നത്. എന്നാല്‍ അനുഭവങ്ങളില്‍ നിന്ന് പഠിക്കുന്നതാണ് നല്ലതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിങ്ങളുടെ മുത്തശ്ശിയില്‍ നിന്ന്, അമ്മയില്‍ നിന്ന്, സഹോദരിമാരില്‍ നിന്ന്… ഏതാണോ നിങ്ങള്‍ക്ക് അനുയോജ്യമായത്, അത് തിരഞ്ഞെടുക്കുക. ബാക്കിയുള്ളതെല്ലാം ഉപേക്ഷിക്കുക. ഇപ്പോള്‍ വിവാഹത്തിന് മുമ്പ് ആളുകള്‍ വിവാഹമോചിതരാകുകയാണ്.’ സുനില്‍ ഷെട്ടി പറഞ്ഞു.
‘ഇന്നത്തെ കുട്ടികള്‍ക്ക് തീരെ ക്ഷമയില്ല. വിവാഹം കഴിഞ്ഞ് കുറച്ചുകാലം കഴിഞ്ഞാല്‍ ജീവിതം പരസ്പരം മനസിലാക്കിയും കരുതലേകിയും വിട്ടുവീഴ്ച ചെയ്തും മുന്നോട്ട് പോകേണ്ടതാണെന്ന് മനസിലാകും. അപ്പോഴാണ് ഒരു കുഞ്ഞ് കൂടി വരുന്നത്. ഭര്‍ത്താവ് ജോലിക്ക് പോകുകയാണെങ്കില്‍ താനാണ് കുഞ്ഞിനെ നോക്കേണ്ടതെന്ന് ഭാര്യ മനസിലാക്കണം. തീര്‍ച്ചയായും ഭര്‍ത്താവിനും അതില്‍ ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ഈ കാലത്ത് എല്ലാത്തിലും വലിയ സമ്മര്‍ദ്ദമാണ് ഉള്ളത്.’ താരം വ്യക്തമാക്കി.
STORY HIGHLIGHT: suniel shetty