നായകനായി പ്രേക്ഷകരെ ഞെട്ടിക്കാൻ ലോകേഷ് കനകരാജ്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റർ ചിത്രത്തിലൂടെയാണ് താൻ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നതെന്ന് സംവിധായകൻ ലോകേഷ് കനകരാജ് വെളിപ്പെടുത്തി. ബിഗ് സ്ക്രീനിലേക്ക് ലോകേഷിന്റെ എൻട്രിക്കായി ഏറെ ആവേശത്തോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്.
റോക്കി, സാനി കായിദം, ക്യാപ്റ്റന്‍ മില്ലര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അരുണ്‍ മാതേശ്വരന്‍. ധനുഷ് അഭിനയിക്കുന്ന ഇളയരാജയുടെ ബിയോപിക് ഇദ്ദേഹമാണ് ഒരുക്കുന്നത്. സിനിമകളെക്കുറിച്ചും സാഹിത്യകൃതികളെ കുറിച്ചും സംസാരിക്കാൻ കഴിഞ്ഞതോടെയാണ് താനും അരുൺ മാതേശ്വരനും സുഹൃത്തുക്കളായതെന്ന് ലോകേഷ് പറഞ്ഞു. ഗോപിനാഥിനോട് സംസാരിക്കവെയാണ് ലോകേഷിന്റെ പ്രതികരണം.
‘റാം സാറിന്റെ പിറന്നാൾ പാർട്ടിക്കിടെയാണ് എന്നോട് അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചത്. എനിക്ക് താല്പര്യമുണ്ടോ എന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ ഒരു ആക്ഷൻ സിനിമ പരീക്ഷിച്ചു നോക്കാൻ ആഗ്രഹമുണ്ട്. അപ്പോഴാണ് അദ്ദേഹം ധനുഷ് സാറിനൊപ്പം ഇളയരാജ സാറിന്റെ ബയോപിക്കിന്‍റെ വര്‍ക്കുകളിലായിരുന്നു. ചില കാരണങ്ങളാൽ ആ പ്രോജക്റ്റ് വൈകുന്നുണ്ടായിരുന്നു.
കൈതി 2 അനൗണ്‍സ് ചെയ്യുന്നതിനും ഏകദേശം എട്ട് മാസം മുൻപാണ് അഭിനയിക്കാൻ തീരുമാനിച്ചത്. അപ്പോൾ, ഞാൻ അരുണിനെ വിളിച്ചു, അദ്ദേഹം കഥ പറഞ്ഞു. ഞങ്ങൾ ഒരു ടെസ്റ്റ് ലുക്ക് നടത്തി, അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു,’ ലോകേഷ് പറഞ്ഞു. ഇതൊരു ഗാങ്‌സ്റ്റർ ചിത്രമാണെന്നും സിനിമയ്ക്കായി താൻ താടിയും മീശയും വളർത്തുകയാണെന്നും ഭാരം കുറയ്ക്കുന്നതായും ലോകേഷ് കൂട്ടിച്ചേർത്തു.
നായകനാവുന്നത് ആദ്യമായി ആണെങ്കിലും തന്‍റെ തന്നെ ചിത്രങ്ങളിലൂടെയും മ്യൂസിക് വീഡിയോയിലൂടെയുമൊക്കെ ക്യാമറയ്ക്ക് മുൻപിൽ നേരത്തേ എത്തിയിട്ടുള്ള ആളാണ് ലോകേഷ് കനകരാജ്. താന്‍ തന്നെ സംവിധാനം ചെയ്ത വിജയ് ചിത്രം മാസ്റ്ററില്‍ ലോകേഷ് സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കമല്‍ ഹാസന്‍ വരികള്‍ എഴുതിയ ‘ഇനിമെയ്’ എന്ന മ്യൂസിക് വീഡിയോയിലും ലോകേഷ് അഭിനയിച്ചിരുന്നു.