മുന്നാ ഭായ് എംബിബിഎസ്, 3 ഇഡിയറ്റ്സ് തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ച ചലച്ചിത്ര നിർമ്മാതാവാണ് വിധു വിനോദ് ചോപ്ര . വിജയം ഒരു മനുഷ്യനെ എങ്ങനെ മാറ്റുന്നു എന്നതിനെക്കുറിച്ച് അടുത്തിടെ വിധു വിനോദ് നടത്തിയ അഭിപ്രായ പ്രകടനം ഇപ്പോൾ ചൂടൻ ചർച്ചയ്ക്ക് കാരണമായിരിക്കുകയാണ്.
സ്ക്രീൻ ഹോസ്റ്റുചെയ്ത ക്രിയേറ്റർ എക്സ് ക്രിയേറ്റർ പരിപാടിയിൽ പങ്കെടുക്കവേയായിരുന്നു വിധു വിനോദ് വിവാദത്തിന് തിരി കൊളുത്തിയത്. “പുതിയ ആളുകളിൽ കൂടുതൽ പരിശുദ്ധിയുണ്ട്, അഴിമതി കുറവാണ്. എനിക്കൊപ്പം വർക്ക് ചെയ്ത പലരും ഇന്ന് മികച്ച ചലച്ചിത്ര പ്രവർത്തകരായി മാറിയിരിക്കുന്നു; ഇപ്പോൾ ഞാൻ അവരെ കാണുമ്പോൾ, എനിക്കവരിൽ വ്യത്യാസം കാണാൻ കഴിയും. അവർ എന്നോടൊപ്പം പ്രവർത്തിച്ചപ്പോൾ, ഒരു പ്രത്യേക പരിശുദ്ധി ഉണ്ടായിരുന്നു. ന്റെ സിനിമയിൽ ഒരു പുതുമുഖത്തെ അവതരിപ്പിക്കുകയും ആ ഒരു സിനിമ നന്നായി പ്രവർത്തിക്കുകയും ചെയ്താൽ, നിർഭാഗ്യവശാൽ അത് അവരെ മാറ്റും.”
സിനിമാ മേഖലയിലെ അവരുടെ സ്ഥാനം മെച്ചപ്പെട്ടതിനുശേഷം പെരുമാറ്റത്തിൽ മാറ്റം വന്ന നടന്മാരുടെ പേരുകൾ വിധു വിനോദ് ചോപ്ര പരാമർശിച്ചില്ലെങ്കിലും, സിനിമാ മേഖലയിലെ അവരുടെ സ്ഥാനം മെച്ചപ്പെട്ടതായി കരുതുന്ന ചില നടന്മാരുടെ പേരുകൾ അദ്ദേഹം എടുത്തു പറഞ്ഞു. “ഹൃതിക് റോഷൻ, വിദ്യാ ബാലൻ, ബൊമൻ ഇറാനി എന്നിവരെല്ലാം അവരുടെ കരിയറിന്റെ തുടക്കത്തിൽ എന്നോടൊപ്പം സിനിമകൾ ചെയ്തിട്ടുണ്ട്, പട്ടിക നീളുന്നു. അവർ വിജയിക്കുമ്പോൾ, അവർ മാറുന്നു. അതുകൊണ്ടാണ് ആരുമല്ലാത്ത ആളുകളെ ഞാൻ ഇഷ്ടപ്പെടുന്നത്, കാരണം നിങ്ങൾ ഒരാളായിക്കഴിഞ്ഞാൽ, നിങ്ങൾ അതേ വ്യക്തിയായി തുടരില്ല.”
“ഇക്കാലത്ത് ആളുകൾ ഹിറ്റുകളെക്കുറിച്ച് മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. ആർക്കും ഒരു ദർശനമില്ല, 400 കോടി രൂപയുടെ ബോക്സ് ഓഫീസ് കളക്ഷനുള്ള ഒരു വമ്പൻ സിനിമ അവർ നിർമ്മിക്കുന്നു, പെട്ടെന്ന് അവർ വ്യത്യസ്തമായി നടക്കാൻ തുടങ്ങുന്നു.” ചോപ്ര കൂട്ടിച്ചേർത്തു.
“എനിക്കറിയാവുന്ന ഒരു നിർമ്മാതാവുണ്ടായിരുന്നു, സംസാരിക്കുമ്പോൾ എപ്പോഴും വളരെ മാന്യനും മൃദുവായ പെരുമാറ്റക്കാരനുമായിരുന്നു അദ്ദേഹം. പെട്ടെന്ന് ഒരു ദിവസം, അദ്ദേഹം മാറി. ഞാൻ അദ്ദേഹത്തോട് ചോദിച്ചു, നിങ്ങളുടെ സിനിമ വിജയിച്ചോ?’ അദ്ദേഹം പറഞ്ഞു, ‘സർ, നിങ്ങൾക്ക് എല്ലാം അറിയാം; എന്റെ സിനിമ വിജയിച്ചു.’ അദ്ദേഹത്തിന്റെ ഒരു സിനിമ വിജയിച്ചതായി എനിക്കറിയില്ലായിരുന്നുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു; അദ്ദേഹത്തിന്റെ നട്ടെല്ല് ബാങ്ക് ബാലൻസുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ, അതുകൊണ്ടാണ് അദ്ദേഹം നിവർന്നു നടക്കുന്നത്. ഇക്കാലത്ത് നട്ടെല്ല് എല്ലായ്പ്പോഴും ബാങ്ക് ബാലൻസുമായി കണക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു, അവരുടെ ജോലിയുടെ ഗുണനിലവാരവുമായിട്ടല്ല,” ചോപ്ര പറഞ്ഞു.