തമിഴ് പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് കൂലി. ലോകേഷ് കനരകാജ് സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 14ന് തീയറ്ററിലെത്തും. ചിത്രത്തില്‍ ആമിര്‍ ഖാന്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്. കഥ പോലും കേള്‍ക്കാതെ രജനി സാര്‍ ചിത്രമായത് കൊണ്ടാണ് ആമിര്‍ ഖാന്‍ കൂലിയില്‍ അഭിനയിച്ചതെന്ന് തുറന്ന് പറയുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലോകേഷിന്റെ പ്രതികരണം.
ലോകേഷിന്റെ വാക്കുകള്‍….
‘കാമിയോ റോള്‍ ചെയ്യുന്ന ആള്‍ അല്ല ആമിര്‍ ഖാന്‍. അദ്ദേഹത്തിനെ കണ്‍വിന്‍സ് ചെയ്തു കാമിയോ റോള്‍ ചെയ്യിക്കുക നടക്കാത്ത കാര്യമാണ്. പക്ഷെ രജനി സാര്‍ ആണ് നായകന്‍ എന്നറിഞ്ഞപ്പോള്‍ അദ്ദേഹം കൂലിയിലെ കാമിയോ ചെയ്യാന്‍ തയ്യാറായി. ആ റോള്‍ ചെയ്യാമെന്ന് സമ്മതിച്ചതിന് ശേഷമാണ് അദ്ദേഹം കഥ പോലും കേട്ടത്’.
ദഹാ എന്നാണ് സിനിമയിലെ ആമിര്‍ ഖാന്റെ കഥാപാത്രത്തിന്റെ പേര്. കണ്ണാടിയും വെച്ച് സ്മോക്ക് ചെയ്യുന്ന ആമിറിന്റെ പക്കാ മാസ് പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. സിനിമയില്‍ 15 മിനിറ്റോളം നേരമാണ് ആമിര്‍ ഖാന്‍ പ്രത്യക്ഷപ്പെടുക എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ആമിര്‍ ഖാന്‍ രജിനികാന്തിനൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നുണ്ടെന്നും ആക്ഷന്‍ സീനുകള്‍ ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ നടനായി ലോകേഷ് കനകരാജ് ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് വിവരം. പത്ത് ദിവസമാണ് കൂലിയ്ക്കായി ആമിര്‍ ഖാന്‍ ഷൂട്ട് ചെയ്തത്. ആമിറിന്റെ രംഗങ്ങള്‍ തിയേറ്ററില്‍ വലിയ ആവേശമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ സിനിമയുടെ ക്ലൈമാക്‌സിനോട് അടുക്കുമ്പോഴാണ് ആമിര്‍ സിനിമയിലെത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.