വില്ലന്‍ വേഷങ്ങളിലൂടെ സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ നടനാണ് പൊന്നമ്പലം. മലയാളത്തിലും തമിഴിലും വ്യത്യസ്ത തരത്തിലുള്ള നെഗറ്റീവ് വേഷങ്ങള്‍ ചെയ്തിട്ടുളള പൊന്നമ്പലം കഴിഞ്ഞ കുറേ വര്‍ഷമായി വൃക്കരോഗ ബാധിതനാണ്. നാല് അഞ്ച് വര്‍ഷമായി തുടരെ ഡയാലിസിസും അദ്ദേഹം ചെയ്തുവരുന്നുണ്ട്. ഇപ്പോഴിതാ തന്റെ ചികിത്സക്കായി ചിരഞ്ജീവി, ശരത് കുമാര്‍, ധനുഷ് തുടങ്ങിയവര്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് പൊന്നമ്പലം. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
നടന്റെ വാക്കുകള്‍….
‘ഒരു വര്‍ഷം കഴിഞ്ഞ് ഞാന്‍ മരിച്ച് പോകുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കാരണം അസുഖം എല്ലായിടത്തേക്കും ബാധിച്ചിട്ടുണ്ട്. ഒരു മനുഷ്യന് ലോകത്ത് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ ശിക്ഷ എന്നത് ഡയാലിസിസ് ആണ്. അത് അനുഭവിച്ച് കൊണ്ടിരിക്കുന്നത് കൊണ്ട് പറയുകയാണ്. ശത്രുക്കള്‍ക്ക് പോലും ഈ ഒരവസ്ഥ വരരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. പ്രാര്‍ത്ഥിക്കുന്നുണ്ട്. എനിക്ക് ഒന്നിടവിട്ട് കുത്തിവയ്പ്പ് നടത്തണം. കഴിഞ്ഞ ഒരു നാല് വര്‍ഷമായി ഒരിടത്ത് തന്നെ 750 തവണ കുത്തിയിട്ടുണ്ട്’.
‘ഉപ്പുള്ള ഭക്ഷണം കഴിക്കാന്‍ പറ്റില്ല. വയര്‍ നിറച്ച് ആഹാരം കഴിക്കാന്‍ പറ്റില്ല. തക്കാളി, കിഴങ്ങ് ഒന്നും കഴിക്കാന്‍ പാടില്ല. ഇപ്പോള്‍ അതിനോട് ഞാന്‍ പൊരുത്തപ്പെട്ടു. എന്ത് കഴിച്ചാലും അളവിന് കഴിക്കണം. അമിതമായാല്‍ അമൃതും വിഷമാണ്. നല്ല രീതിയില്‍ മദ്യപിക്കുന്ന ആളായിരുന്നു ഞാന്‍. ഒരു ഫുള്‍ ഡ്രിംഗ് കഴിച്ചാലും എനിക്ക് ഒന്നും ആകില്ല. എത്ര കുടിച്ചാലും എനിക്ക് ബോധം ഉണ്ടാകും. വീട്ടുകാര് പോലും കണ്ടുപിടിക്കില്ല.ജീവിതത്തില്‍ നല്ലതും ചീത്തയും ഉണ്ടാകും. ആയ കാലത്ത് ഞാന്‍ നല്ല രീതിയില്‍ തന്നെയാണ് ജീവിച്ചത്. ഒന്നും നമ്മുടെ കയ്യിലല്ലല്ലോ’.
‘എനിക്ക് ആദ്യം സാമ്പത്തിക സഹായം ചെയ്തത് ശരത് കുമാറാണ്. മറ്റ് അഭിനേതാക്കളോടും ഇക്കാര്യം പറഞ്ഞ് അദ്ദേഹം പണം വാങ്ങി നല്‍കിയിരുന്നു. ധനുഷ് എന്നെ സഹായിച്ചിട്ടുണ്ട്. എത്ര രൂപയാണ് അവര്‍ തന്നതെന്ന് ഞാന്‍ പറയില്ല. എല്ലാം അധികമായാണ് തന്നത്. അടുത്തിടെ ഇന്‍ഫക്ഷനായി ഏകദേശം 35 ലക്ഷത്തിന്റെ ചികിത്സ വേണ്ടി വന്നു. ഇത്രയും നാളത്തെ ചികിത്സാ ചെലവ് കോടിക്കണക്കിന് വരും. ചിരഞ്ജീവി എനിക്ക് 1.15 കോടി രൂപ തന്നിരുന്നു. ചിലര്‍ ഞാന്‍ എങ്ങനെ ജീവിക്കുന്നെന്ന് പോലും തിരക്കിയിട്ടില്ല’.