ട്രാന്‍സ് കമ്മ്യൂണിറ്റിയിലെ അറിയപ്പെടുന്ന വ്യക്തിയും സെലിബ്രേറ്റി മേക്കപ്പ് ആര്‍ടിസ്റ്റുമാണ് സീമ വിനീത്. അടുത്തിടെയായിരുന്നു സീമയുടെ വിവാഹം. നിശാന്ത് ആണ് സീമയുടെ ഭര്‍ത്താവ്. ഇന്നുവരെ ഒരു വ്യക്തിയുടെയും ഫോട്ടോക്കോ വീഡിയോക്കോ താഴെ മോശമായി ഒന്നും എഴുതാത്ത എഴുതാന്‍ താല്പര്യം കാണിക്കാത്ത രണ്ടു വ്യക്തികള്‍ ആണ് താനും നിശാന്തുമെന്നും എന്നിട്ടും സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ തങ്ങളെ വളരെ മോശമായി ചിത്രീകരിച്ചാണ് പോസ്റ്റുകളിടുന്നതെന്നും സീമ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു.
സീമയുടെ കുറിപ്പ് ഇങ്ങനെ…..
”ഒത്തിരി മനുഷ്യര്‍ ഞങ്ങളുടെ ഈ വലിയ സന്തോഷത്തില്‍ ഒപ്പം നിന്നു. ഒരുപാട് പേരുണ്ട് അവരോടുള്ള സ്‌നേഹവും കടപ്പാടും എത്ര പറഞ്ഞാലും മതിവരില്ല.. അതു മതി ഈ ജീവിതം സന്തോഷമായി മുന്നോട്ട് പോകാന്‍…. എന്നാലും കുറച്ചു പേര് സമൂഹമാധ്യമങ്ങളിലൂടെ ഞങ്ങളെ വളരെ മോശമായി ചിത്രീകരിച്ചു പോസ്റ്റുകള്‍ ഇട്ടതു കണ്ടു. ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ടുതന്നെ ഞങ്ങള്‍ രണ്ടാളും എന്താണന്നു ഞങ്ങളെ അറിയാത്ത, ഒരു നിമിഷം പോലും ഞങ്ങളോടൊപ്പം സമയം പങ്കു വെച്ചിട്ടില്ലാത്ത ആളുകള്‍…..
ഇതില്‍ നിന്നൊക്കെ അവര്‍ക്ക് എന്ത് സന്തോഷങ്ങളാണ് കിട്ടുക? ഇന്നുവരെ ഒരു വ്യക്തിയുടെയും ഫോട്ടോക്കോ വീഡിയോക്കോ താഴെ മോശമായി ഒന്നും എഴുതാത്ത എഴുതാന്‍ താല്പര്യം കാണിക്കാത്ത രണ്ടു വ്യക്തികള്‍ ആണ് ഞാനും നിശാന്തും. എന്നിട്ടും ഇത്തരം മനുഷ്യരെ കുത്തി നോവിക്കുമ്പോള്‍ ചിലപ്പോള്‍ അവര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടാവും അല്ലേ?”.