Celebrities

ആരോപണ വിധേയരായവര്‍ക്ക് മത്സരിക്കാമെങ്കില്‍ പിന്നെ എന്തിനാണ് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്? ബാബുരാജിന് വേണ്ടി മാത്രം നിയമം മാറ്റരുത്: എഎംഎംഎ തെരഞ്ഞെടുപ്പിനെതിരെ വിമർശനവുമായി മല്ലിക സുകുമാരൻ | Mallika Sukumaran

'പെന്‍ഷന്‍ വാങ്ങിക്കുന്നവരും ആരോപണ വിധേയരും മത്സരിക്കാന്‍ പാടില്ലെന്നാണ് നിയമം'

അമ്മയുടെ തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ മത്സരിക്കുന്നതിനെതിരെ നടി മല്ലിക സുകുമാരന്‍ രം​ഗത്ത്. തെരഞ്ഞെടുപ്പ് സംബന്ധിയായ ചർച്ചകൾ സജീവമാകുന്നതിനിടയിലാണ് താരം രം​ഗത്ത് വന്നത്. അമ്മയുടെ നിയമം ബാബുരാജിന് വേണ്ടി മാത്രം മാറ്റരുതെന്നും ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ച് സിസ്റ്റത്തില്‍ മാറ്റം വരുത്തുന്നത് ആരുടെ തീരുമാനമാണെന്നും മല്ലിക സുകുമാരന്‍ ചോദിച്ചു.‌‌

മല്ലിക സുകുമാരൻ പറയുന്നു……

അമ്മയുടെ നിയമം ബാബുരാജിന് വേണ്ടി മാത്രം മാറ്റരുത്. ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ച് സിസ്റ്റത്തില്‍ മാറ്റം വരുത്തുന്നത് ആരുടെ തീരുമാനമാണ്? സ്‌പോണ്‍സറെ കണ്ടെത്തുന്നതും ഏതെങ്കിലും പരിപാടിക്ക് ലക്ഷങ്ങള്‍ ലാഭമുണ്ടാക്കി നല്‍കുന്നതും അയാള്‍ ചെയ്ത തെറ്റുമായി താരതമ്യപ്പെടുത്തരുത്.

പെന്‍ഷന്‍ വാങ്ങിക്കുന്നവരും ആരോപണ വിധേയരും മത്സരിക്കാന്‍ പാടില്ലെന്നാണ് നിയമം. ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവര്‍ക്ക് മത്സരിക്കാമെങ്കില്‍ എന്തുകൊണ്ട് പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ക്ക് മത്സരിച്ച് കൂടെ? ചിലര്‍ക്ക് ഒരു നിയമം, കൂറെയാളുകള്‍ക്ക് മറ്റൊരു നിയമം എന്ന നയം തെറ്റാണ്. ഒരാള്‍ മാത്രം വിചാരിച്ചതുകൊണ്ട് നന്നാക്കാന്‍ സാധിക്കുന്ന ഒരു സംഘടനയല്ല അമ്മ. കാര്യങ്ങള്‍ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്ന ഒരു കമ്മിറ്റിയാണ് സംഘടനയ്ക്ക് വേണ്ടത്.

ബാബുരാജ് മത്സരിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ സ്വാര്‍ത്ഥ താത്പര്യമുണ്ടെന്ന അനൂപ് ചന്ദ്രന്റെ ആരോപണത്തോട് യോജിപ്പുണ്ട്. ആരോപണ വിധേയരായവര്‍ക്ക് മത്സരിക്കാമെങ്കില്‍ പിന്നെ എന്തിനാണ് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. കോടതി തെളിയിക്കട്ടേയെന്ന് പറഞ്ഞാല്‍ മതിയായിരുന്നല്ലോ. സിദ്ധിഖിനെതിരേ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം മാറി നില്‍ക്കുന്നുണ്ടല്ലോ, അതാണ് വേണ്ടത്. ‘അമ്മ’ എന്നത് ഒരു മാതൃക സംഘടനയായി നിലനില്‍ക്കണം. ബാബുരാജിന് വേണ്ടി നിയമം മാറ്റുമ്പോള്‍ സ്വഭാവികമായി ആളുകള്‍ക്ക് സംശയമുണ്ടാകും.

content highlight:  Mallika Sukumaran