മൈസൂരു: നീലക്കുറിഞ്ഞി വസന്തം തീർക്കുന്ന ഇടമാണ് ചിക്കമഗളൂരു ജില്ലയിലെ മുല്ലയനഗിരി മലനിരകൾ. നിരവധി സഞ്ചാരികളാണ് നീലക്കുറിഞ്ഞിയുടെ മനോഹാരിത ആസ്വദിക്കുന്നതിനായി എത്താറുള്ളത്. മുൻപ് ഇവിടെ പൂക്കളുടെ വസന്തഭൂമി ആയിരുന്നു. 16,000 ഏക്കറോളമായിരുന്നു എന്നാൽ ഇപ്പോഴത് 9,000 ഏക്കറായി കുറഞ്ഞു.
വേണ്ടവിധം സംരക്ഷിക്കാത്തതും സംരക്ഷിതമേഖലയായി കാത്തുസൂക്ഷിക്കാത്തതുമാണ് ഇതിനുകാരണം. ഇതോടെ മുല്ലയനഗിരിയിലെ റവന്യൂഭൂമി സംരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് സമ്മതം നൽകണമെന്നാവശ്യപ്പെട്ട് കർണാടക വനംവകുപ്പ് രംഗത്തെത്തിയിരിക്കുകയയാണ്.
ഇതിനായി റവന്യൂവകുപ്പിനുമേൽ ശക്തമായആവശ്യം ഉന്നയിച്ചിരിക്കുകയാണ്. നീലക്കുറിഞ്ഞിപ്പൂക്കൾ ധാരാളമായിവിരിയുന്ന പ്രദേശം സംരക്ഷിക്കണമെന്നാണ് വനംവകുപ്പിന്റെ ആവശ്യം. വർഷംതോറും ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന ഇടമാണ് മുല്ലയനഗിരി. എന്നാൽ, പ്രത്യേക നിയന്ത്രണമില്ലാത്തതിനാൽ സഞ്ചാരികളുടെ അശ്രദ്ധമായ ഇടപെടലിൽ ഇവിടം നാശോന്മുഖമാകുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. മുല്ലയനഗിരിയിൽ പൂക്കുന്ന ഇനം നീലഗിരി മലനിരകളിൽ കാണപ്പെടുന്നതിൽനിന്ന് വ്യത്യസ്തമാണ്.
ഇവിടെ ഇതുവരെ ഏകദേശം 32 നീലക്കുറിഞ്ഞി ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ടെന്ന് ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ (ബിഎസ്‌ഐ) വിദഗ്ധർ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ സംരക്ഷണകേന്ദ്രമായി പ്രഖ്യാപിക്കാനായി റവന്യൂവകുപ്പിന് നിർദേശം അയച്ചതായി വന്യജീവി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി.സി. റായ് പറഞ്ഞു.
ഇതിനായി ജില്ലാ ഭരണകൂടത്തിൽനിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും റീസർവേ നടക്കുന്നുണ്ടെന്നും റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്ര കതാരിയയും അറിയിച്ചു. തിരിച്ചറിഞ്ഞ പ്രദേശങ്ങളിൽ പലതും സ്വകാര്യ ഭൂമികളിൽപ്പെട്ടവയാണ്. സർവേ നടത്തി സ്വകാര്യഭൂമികൾ കണ്ടുകെട്ടും. എന്നിട്ട് ഇവർക്ക് പകരംഭൂമി നൽകാനും തീരുമാനമുണ്ട്. നീലഗിരി മാത്രമല്ല, നീലക്കുറിഞ്ഞി പൂക്കുന്ന പശ്ചിമഘട്ടത്തിന്റെ എല്ലാഭാഗങ്ങളും സംരക്ഷിക്കപ്പെടണമെന്നും പി.സി. റായ് പറഞ്ഞു. ഇതിനായുള്ള ശ്രമത്തിലാണ് വനംവകുപ്പ്.