സ്പോർട്സ് കോമഡി ഴോണറിൽ ബോളിവുഡിൽ നിന്നും പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘സിത്താരെ സമീൻ പർ’. ആമിർ ഖാൻ നായകനായി എത്തിയ ചിത്രം ഇപ്പോഴിതാ യൂട്യൂബിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്. എങ്ങും മികച്ച പ്രതികരണങ്ങളാണ് സിനിമ നേടിയത്. ആഗസ്റ്റ് 1ന് ചിത്രം യൂട്യൂബിൽ റിലീസ് ചെയ്യും.
ലോകത്തിന്റെ എല്ലാ കോണുകളിലും താങ്ങാനാവുന്ന നിരക്കിൽ സിനിമ എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് ആമിറിന്‍റെ ലക്ഷ്യം. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള ഒ ടി ടി പ്ലാറ്റ്‌ഫോമുകൾക്ക് പകരം, പേ-പെർ-വ്യൂ മോഡൽ പിന്തുടർന്ന് യൂട്യൂബിൽ ചിത്രം റിലീസ് ചെയ്യാനാണ് ആമിർ പദ്ധതിയിടുന്നത്. ‘കഴിഞ്ഞ 15 വർഷമായി, തിയേറ്ററുകളിൽ വിവിധ കാരണങ്ങളാൽ എത്താൻ കഴിയാത്തവരെ എങ്ങനെ എത്തിക്കാം എന്ന വെല്ലുവിളിയുമായി ഞാൻ പോരാടുകയാണ്. നമ്മുടെ സർക്കാർ യുപിഐ കൊണ്ടുവന്നതോടെയും ഇലക്ട്രോണിക് പേയ്‌മെന്റുകളിൽ ഇന്ത്യ ലോകത്തിലെ ഒന്നാം സ്ഥാനത്തേക്ക് എത്തിയതോടെയും, ഇന്ത്യയിൽ ഇന്റർനെറ്റ് വ്യാപനം ദിനംപ്രതി വളർന്നുകൊണ്ടിരുന്നു. യൂട്യൂബ് മിക്ക ഉപകരണങ്ങളിലും ലഭ്യമായതോടെയും, ഇന്ത്യയിലെ വിശാലമായ ജനവിഭാഗങ്ങളിലേക്കും ലോകത്തിന്റെ ഒരു പ്രധാന ഭാഗത്തേക്കും നമുക്ക് ഒടുവിൽ എത്തിച്ചേരാനാകും.
എന്റെ സ്വപ്നം, ന്യായമായതും താങ്ങാനാവുന്നതുമായ വിലയ്ക്ക് സിനിമ എല്ലാവരിലും എത്തണം എന്നതാണ്. ആളുകൾക്ക് ഇഷ്ടമുള്ളപ്പോൾ, ഇഷ്ടമുള്ളിടത്ത് സിനിമ കാണാൻ കഴിയുന്ന ഒരു സാഹചര്യം ഉണ്ടാകണം. ഈ ആശയം വിജയിച്ചാൽ, ഏത് കോണിൽ നിന്നും ആളുകൾക്ക് സിനിമ കാണാൻ കഴിയും’, ആമിർ ഖാൻ പറഞ്ഞു.
ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ സിനിമയിലെത്തുന്നത്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ – എഹ്സാൻ – ലോയ് ആണ് സംഗീതം.