ജയിംസ് കാമറൂണിന്റെ സയൻസ് ഫിക്‌ഷൻ ചിത്രം ‘അവതാറി’ന്റെ മൂന്നാം ഭാഗം ‘അവതാർ: ഫയർ ആൻഡ് ആഷ്’ ട്രെയിലർ പുറത്ത്. ഡിസംബര്‍ 19 ന് ചിത്രം തിയേറ്ററിലെത്തും. തിങ്കളാഴ്ച ആണ് ട്രെയിലർ പുറത്തിറങ്ങിയത്. ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.
ഇന്ത്യയിലുടനീളം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസിനെത്തും. ഇന്ത്യയിലെ ഏറ്റവും വലിയ ഹോളിവുഡ് റിലീസ് ആയിരിക്കും ചിത്രം എന്നാണ് സൂചന. അവതാറിനെ പോലെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ ഇത്രത്തോളം വിസ്മയിപ്പിച്ച മറ്റൊരു ചിത്രമില്ല. പന്‍ഡോറ എന്ന മായാലോകത്തിലെ വിസ്മയ കാഴ്ചകള്‍ കണ്ണെടുക്കാതെയാണ് പ്രേക്ഷകര്‍ അന്ന് കണ്ടിരുന്നത്. പിന്നീടെത്തിയ അവതാര്‍: ദ വേ ഓഫ് വാട്ടര്‍ എന്ന ചിത്രവും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
2009 ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം 2.9 ബില്യൺ ഡോളറാണ് തിയേറ്ററുകളില്‍ നിന്ന് നേടിയത്. ഇതോടെ, എക്കാലത്തെയും ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായി അവതാർ മാറി. 2022-ൽ പുറത്തിറങ്ങിയ രണ്ടാംഭാഗം 2.3 ബില്യൺ ഡോളർ നേടി പട്ടികയിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി. മറ്റൊരു അവതാർ ബ്ലോക്ക്ബസ്റ്റർ നൽകാൻ സംവിധായകന് ആകുമോ എന്ന് സംശയിച്ചവരെ നിശ്ശബ്ദരാക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്ന ട്രെയിലർ.