ഹരിഹര വീരമല്ലുവിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന റാപ്പിഡ് ഫയറില്‍ കങ്കണയെ കുറിച്ച് പവന്‍ കല്യാൺ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബോളിവുഡിലെ തന്റെ ഇഷ്ട നടി ആരാണെന്നുള്ള ചോദ്യത്തിന് നടൻ കങ്കണ റണൗട്ട് എന്നാണ് മറുപടി നൽകിയത്. ഹൗട്ടര്‍ഫ്‌ളൈ എന്ന യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് നടൻ മനസുതുറന്നത്.
പ്രിയങ്കാ ചോപ്ര, കരീനാ കപൂര്‍ എന്നിവരെ തള്ളി കങ്കണയ്‌ക്കൊപ്പമാണ് തനിക്ക് അഭിനയിക്കാന്‍ ആഗ്രഹമെന്ന് പവന്‍ കല്യാണ്‍ റാപ്പിഡ് ഫയറില്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള ബിജെപി എംപി കൂടിയായ കങ്കണ റണൗട്ട് ശക്തയാണെന്നും പവന്‍ കല്യാണ്‍ പറഞ്ഞു. പവന്‍ കല്യാണിന്റെ റാപ്പിഡ് ഫയര്‍ വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ആലിയാ ഭട്ടിനൊപ്പമാണോ ദീപികാ പദുക്കോണിനൊപ്പമാണോ അഭിനയിക്കാന്‍ താത്പര്യമെന്നാണ് റാപ്പിഡ് ഫയറില്‍ പവന്‍ കല്യാണിനോട് ആദ്യം ചോദിച്ചത്. ഉത്തരം പറയുന്നത് കഠിനമാണെന്ന് പറഞ്ഞ അദ്ദേഹം രണ്ടുപേര്‍ക്കൊപ്പവും അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു. പിന്നീട് ആലിയാ ഭട്ട്, ദീപിക, കൃതി സനോന്‍ എന്നിവരെ കുറിച്ചായിരുന്നു ചോദ്യം. പുഞ്ചിരിയോടെ പവന്‍ മൂന്നുപേരെയും തിരഞ്ഞടുത്തു. ആലിയ, ദീപിക, കൃതി, കിയാര അദ്വാനി എന്നിവരില്‍ നിന്ന് കൃതിയെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
കൃതിക്കൊപ്പമാണോ കങ്കണ റണൗട്ടിനൊപ്പമാണോ അഭിനയിക്കാന്‍ താത്പര്യമെന്ന് ചോദിച്ചപ്പോള്‍ കങ്കണ എന്നായിരുന്നു പവന്‍ കല്യാണിന്റെ ഉത്തരം. പ്രിയങ്കാ ചോപ്രയേയും കങ്കണേയും ചോദിച്ചപ്പോഴും കങ്കണയെന്നായിരുന്നു മറുപടി. കരീനയേയും കങ്കണയേയും മുന്നില്‍ വെച്ചപ്പോള്‍ അത് ഏത് സിനിമയാണെന്നതിനെ ആശ്രയിച്ചിരിക്കും എന്ന് പറഞ്ഞ പവന്‍ കല്യാണ്‍, ‘എമര്‍ജന്‍സി’ എന്ന ചിത്രത്തില്‍ ഇന്ദിരാഗാന്ധിയെ അവതരിപ്പിച്ച ശക്തയായ കങ്കണ റണൗട്ടിനെയാണ് താന്‍ തിരഞ്ഞെടുക്കുകയെന്ന് പറഞ്ഞു.
പവന്‍ കല്യാണിന്റെ റാപ്പിഡ് ഫയര്‍ വീഡിയോ കങ്കണ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചു. തൊഴുകൈയുടേയും സ്‌നേഹത്തിന്റേയും ഇമോജികള്‍ക്കൊപ്പമാണ് കങ്കണ വീഡിയോ പങ്കുവെച്ചത്. അതേസമയം പവന്‍ കല്യാണിന്റെ റാപ്പിഡ് ഫയറില്‍ കങ്കണയേയും തോല്‍പ്പിച്ചത് ഒരേയൊരു നടിയാണ്. അത് അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയാണ്. സഹോദരന്‍ ചിരഞ്ജീവിക്കൊപ്പം അഭിനയിച്ച നടിയാണ് ശ്രീദേവി.