വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തന്നൂരി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് കിങ്ഡം. വലിയ പ്രതീക്ഷകളോടെ എത്തുന്ന സിനിമയുടെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ട്രെയ്ലര്‍ റിലീസിന് പിന്നാലെ വൈറലാകുകയാണ് മലയാളി നടന്‍ വെങ്കിടേഷ്. ചിത്രത്തില്‍ പ്രധാനപ്പെട്ട വില്ലന്‍ കഥാപാത്രത്തെയാണ് വെങ്കി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നായകന്‍ വിജയ് ദേവരകൊണ്ടയെക്കുറിച്ച് വെങ്കിടേഷ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്.
വെങ്കിടേഷിന്റെ വാക്കുകള്‍…..
‘എന്റെ ആദ്യത്തെ തെലുങ്ക് സിനിമയാണ് ഇത്. അത് ഇത്രയും മികച്ച സംവിധായകന്റെ കൂടെയും പ്രൊഡക്ഷന്‍ ടീമിന്റെ കൂടെയും ഹീറോയുടെ കൂടെയും ചെയ്യാന്‍ പറ്റിയത് ഒരു ഭാഗ്യമാണ്. ഗംഭീര ആക്ടറും ഒരുപാട് ഫേമസ് ആയ നടനുമാണ് വിജയ് ദേവരകൊണ്ട. എനിക്ക് തെലുങ്ക് വളരെ കുറച്ച് മാത്രമേ അറിയൂ. അതുകൊണ്ട് തന്നെ സെറ്റില്‍ വെറുതെ ഇരിക്കുന്ന സമയം ഉണ്ടാകില്ല. മുഴുവന്‍ സമയവും ഡയലോഗ് കാണാതെ പഠിക്കുകയായിരിക്കും. വിജയ് തന്നെയാണ് എന്നോട് ഇങ്ങോട്ട് വന്ന് കൈ തന്ന് സംസാരിച്ചത്.
വളരെ ഡൗണ്‍ ടു എര്‍ത്ത് ആയിട്ടുള്ള ആളാണ് വിജയ് ദേവരകൊണ്ട. വര്‍ക്കഹോളിക്ക് ആയിട്ടുള്ള കൃത്യമായ ഫോക്കസ് ഉള്ള ആളാണ് അദ്ദേഹം. ഞങ്ങള്‍ തമ്മില്‍ കോമ്പിനേഷന്‍ സീനുകള്‍ ഉണ്ട്. പുള്ളിക്കാരന്‍ എന്നെ നല്ല രീതിയില്‍ സഹായിച്ചിട്ടുണ്ട്. രണ്ട് ടേക്ക് കൂടുതല്‍ പോയാലും അദ്ദേഹത്തിന് കുഴപ്പമില്ലായിരുന്നു’.
ചിത്രത്തില്‍ മുരുഗന്‍ എന്ന കഥാപാത്രത്തെയാണ് വെങ്കിടേഷ് അവതരിപ്പിക്കുന്നത്. സിനിമയിലെ ട്രെയിലറിലെ വെങ്കിയുടെ ഷോട്ടുകള്‍ വലിയ തോതില്‍ വൈറലായിട്ടുണ്ട്.
ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്. ചിത്രം ജൂലൈ 31 ന് പുറത്തിറങ്ങും. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്.