ചുരുങ്ങിയ കാലം കൊണ്ട് തന്നെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. വിജയ്, കാര്‍ത്തി, കമല്‍ ഹാസന്‍, രജനികാന്ത് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ലോകേഷ് സിനിമകള്‍ ചെയ്തിട്ടുണ്ട്. 2019 ല്‍ പുറത്തിറങ്ങിയ കൈതി എന്ന സിനിമയിലൂടെയാണ് ലോകേഷ് തന്റെ സിനിമാറ്റിക് യൂണിവേഴ്സ് ആരംഭിക്കുന്നത്. ലിയോയിലൂടെ വിജയ്‌യും യൂണിവേഴ്സിന്റെ ഭാഗമായിരുന്നു. ഇപ്പോഴിതാ വിജയ് ഇല്ലെങ്കില്‍ എല്‍സിയു പൂര്‍ണമാകില്ലെന്ന് തുറന്ന് പറയുകയാണ് ലോകേഷ്. കൂലി സിനിമയുടെ പ്രമോഷന്‍ വേദിയിലാണ് ലോകേഷിന്റെ പ്രതികരണം.
ലോകേഷിന്റെ വാക്കുകള്‍….
‘വിജയ് സാറില്ലെങ്കില്‍ എല്‍സിയു പൂര്‍ണമാകില്ല. അദ്ദേഹം ഇനി സിനിമ ചെയ്യുമോ ഇല്ലയോ എന്ന് നമുക്കാര്‍ക്കും അറിയില്ല. കാരണം, ഇപ്പോള്‍ അദ്ദേഹത്തിന്റെ വിഷന്‍ മറ്റൊന്നാണ്. പക്ഷേ, എന്നായാലും എല്‍സിയു വിജയ് സാറിന്റെ സാന്നിധ്യമില്ലെങ്കില്‍ പൂര്‍ണമാകില്ല. ലിയോ 2 അദ്ദേഹത്തെ വെച്ച് ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ട്’.
അതെസമയം രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന കൂലിയാണ് ഇനി പുറത്തിറങ്ങാനുള്ള ലോകേഷ് ചിത്രം. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍, റീബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീത സംവിധാനം.