സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘എതര്‍ക്കും തുനിന്തവന്‍’. ഒരു ആക്ഷന്‍ കൊമേര്‍ഷ്യല്‍ ചിത്രമായി ഒരുങ്ങിയ സിനിമ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് സംവിധായകന്‍ പാണ്ഡിരാജ്. മൂന്ന് വര്‍ഷമാണ് ആ സിനിമയ്ക്കായി മാറ്റിവെച്ചതെന്നും എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ചിത്രം കണക്ട് ആയില്ലെന്നും പാണ്ഡിരാജ് സിനി ഉലഗത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സംവിധായകന്റെ വാക്കുകള്‍……
‘സൂര്യക്ക് ഫ്‌ലോപ്പ് നല്‍കിയിട്ട് മറ്റു നായകന്മാര്‍ക്ക് ഞാന്‍ ഹിറ്റ് കൊടുക്കുന്നു എന്ന് പലരും പറയുന്നത് കേട്ടു. പക്ഷെ അത് സത്യമല്ല. എതര്‍ക്കും തുനിന്തവന്‍ എന്ന സിനിമയ്ക്ക് വേണ്ടി മൂന്ന് വര്‍ഷമാണ് മാറ്റിവെച്ചത്. ഞാന്‍ ഏറ്റവും കൂടുതല്‍ സമയം മാറ്റിവെച്ചതും കഷ്ടപ്പെട്ടതും ആ സിനിമയ്ക്ക് വേണ്ടിയാണ്. പക്ഷെ സിനിമ ഹിറ്റാകുന്നതും അല്ലാത്തതും നമ്മുടെ കയ്യിലല്ല. കാര്‍ത്തിക്ക് ഒരു ഹിറ്റ് സിനിമ കൊടുത്തിട്ട് അതിനേക്കാള്‍ വലിയ ഹിറ്റ് സിനിമ സൂര്യ സാറിന് നല്‍കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ എന്തോ ചില കാരണങ്ങള്‍ കൊണ്ട് ആ സിനിമ കണക്ട് ആയില്ല. അതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. എന്റെ നിര്‍മാതാവും ഹീറോയും സിനിമയെക്കുറിച്ച് ഹാപ്പി ആയിരുന്നു. പക്ഷെ കളക്ഷനില്‍ ഒരു വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല എന്നുള്ളത് എല്ലാവര്‍ക്കും ഒരു വിഷമമാണ്’.
പ്രിയങ്ക മോഹന്‍, സൂരി, വിനയ് റായ്, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് സിനിമ നിര്‍മിച്ചത്. ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 63 കോടി നേടിയതായാണ് റിപ്പോര്‍ട്ട്.