വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തന്നൂരി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് കിങ്ഡം. വലിയ പ്രതീക്ഷകളോടെ എത്തുന്ന സിനിമയുടെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മലയാളി നടന്‍ വെങ്കിടേഷും ചിത്രത്തില്‍ പ്രധാനപ്പെട്ട വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഹൈദരാബാദില്‍ നടന്ന ചിത്രത്തിന്റെ പ്രീ റീലീസ് ചടങ്ങില്‍ വെങ്കി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
വെങ്കിടേഷിന്റെ വാക്കുകള്‍…….
‘അനിരുദ്ധ് ബ്രോ… ഞാന്‍ തലൈവര്‍ രജനികാന്തിന്റെ വലിയൊരു ആരാധകനാണ്. എന്റെ അപ്പയും കുടുംബം മൊത്തവും തലൈവരുടെ ആരാധകരാണ്. അനിരുദ്ധ് സംഗീതം ചെയ്യുന്ന ഒരു സിനിമയില്‍ ഞാന്‍ അഭിനയിക്കും എന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. പക്ഷേ, ഒരു ദിവസം എന്റെ സുഹൃത്തുക്കള്‍ കൊച്ചിയില്‍ അനിരുദ്ധ് നയിച്ച സംഗീത പരിപാടി കാണാന്‍ എന്നെ വിളിച്ചു. പക്ഷേ, എനിക്ക് പോകാന്‍ കഴിഞ്ഞില്ല. ഒരു രസത്തിന് ചുമ്മാ ഞാന്‍ അവരോടു പറഞ്ഞു, സാരമില്ല, ഞാന്‍ അനിരുദ്ധ് സംഗീതം ചെയ്യുന്ന പടത്തില്‍ അഭിനയിച്ചോളാം എന്ന്. പക്ഷേ, യഥാര്‍ഥത്തില്‍ അങ്ങനെ സംഭവിച്ചു. ഇനി തലൈവരുടെ ഡയലോഗിനു ശേഷം അനിരുദ്ധ് എന്റെ കഥാപാത്രത്തിന് നല്‍കിയ ബിജിഎം ഇടാമല്ലോ! സത്യമായിട്ടും ഞാന്‍ വലിയ സന്തോഷത്തിലാണ്’.
ഒരു പക്കാ ആക്ഷന്‍ ചിത്രമാകും കിങ്ഡം എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. അനിരുദ്ധിന്റെ ബിജിഎം ആണ് ട്രൈയ്‌ലറിലെ ഹൈലൈറ്റ്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. രണ്ട് ലുക്കില്‍ പക്കാ മാസ് റോളിലാണ് വിജയ് സിനിമയില്‍ എത്തുന്നത്.
















