ഹൈദരാബാദ്: ബെറ്റിങ് ആപ്പുകൾ പ്രമോട്ട് ചെയ്ത കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജ് ഹൈദരാബാദിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. നടൻ വിജയ് ദേവരകൊണ്ടയോടും മഞ്ചു ലക്ഷ്മിയോടും യഥാക്രമം ഓഗസ്റ്റ് 6 നും 13 നും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം 2016ലുണ്ടായ സംഭവമാണെന്നും ധാർമികമായി താൻ അതിൽ പങ്കെടുത്തിട്ടില്ലെന്നും പണം സമ്പാദിക്കുകയെന്ന ലക്ഷ്യമുണ്ടായിരുന്നില്ലെന്നും ചോദ്യം ചെയ്യലിനു ശേഷം പ്രകാശ് രാജ് മാധ്യമങ്ങളോടു പ്രതികരിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ അവരുടെ ജോലിയുടെ ഭാഗമായാണ് വിളിപ്പിച്ചതെന്നും ചോദ്യം ചെയ്യലിനോട് സഹകരിച്ചെന്നും നടൻ പറഞ്ഞു. ഇതിൽ രാഷ്ട്രീയ പ്രേരിതമായി ഒന്നുമില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
സൈബരാബാദ് പൊലീസ് സമർപ്പിച്ച എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് പ്രകാശ് രാജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. 2016ൽ ജംഗ്ലീ റമ്മിയുടെ പരസ്യത്തിൽ അഭിനയിച്ചതിനാണ് നടനെതിരെ കേസെടുത്തത്. ബെറ്റിങ് ആപ്പ് കമ്പനിയുമായുള്ള കരാർ അവസാനിച്ചുവെന്നും 2017നു ശേഷം ഗെയിം ആപ്ലിക്കേഷനുകൾ പ്രമോട്ട് ചെയ്തിട്ടില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ബെറ്റിങ് ആപ്പുകൾ പ്രമോട്ട് ചെയ്തതിൽ പ്രകാശ് രാജ് ഉൾപ്പെടെ 29 പ്രമുഖരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
















