ആര്‍ജെ,ടെലിവിഷന്‍ അവതാരക, ഇന്‍ഫ്‌ളുവന്‍സര്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് വര്‍ഷ രമേശ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ ഇപ്പോഴത്തെ അവതാരക കൂടിയാണ് വര്‍ഷ. മലപ്പുറത്തെ ചെറിയൊരു ഗ്രാമത്തില്‍ നിന്നു വരുന്ന തനിക്ക് ഇവിടം വരെ എത്തിയതും പല കാര്യങ്ങളും നേടിയതും ഓര്‍ക്കുമ്പോള്‍ അഭിമാനമാണ് തോന്നാറെന്ന് വര്‍ഷ പറയുന്നു. ‘ഐ ആം വിത്ത് ധന്യ വര്‍മ’ എന്ന് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
വര്‍ഷയുടെ വാക്കുകള്‍…..
”പണ്ടേ നന്നായി ഡ്രസ് ചെയ്യാനും ഒരുങ്ങാനുമൊക്കെ എനിക്ക് ഇഷ്ടമാണ്. സാധാരണ സ്‌കൂളിലാണ് പഠിച്ചത്. അധികം ഡ്രസ് ഒന്നുമില്ല അന്ന്. എന്റെ ആന്റിക്ക് ജോലി കിട്ടിയപ്പോള്‍ എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ ലെഗിന്‍സ് പോലെ ഇരിക്കുന്ന ഒരു ജീന്‍സും പിന്നെ ഒരു ടീഷര്‍ട്ടും വേണം എന്നാണ് ഞാന്‍ പറഞ്ഞത്. ആന്റി എനിക്കത് മേടിച്ചുതന്നു. വളരെ സാധാരണ നാടാണ് എന്റേത്. അന്നേ നാട്ടുകാര്‍ എന്നെ നോക്കും. ടീച്ചേഴ്‌സും കൂടെ പഠിച്ചവരുമൊക്കെ നോക്കുമ്പോള്‍ ഞാന്‍ ഒരുങ്ങിനടക്കുന്നുണ്ട്, എന്നാല്‍ അങ്ങനെ ഭയങ്കരമായി പഠിക്കുന്നുമില്ല. ആ സമയത്ത് ലോക്കല്‍ ചാനലില്‍ ആങ്കറിങ്ങും ചെയ്യുന്നുണ്ട്. എന്നെപ്പറ്റി ഞാന്‍ പോലും അറിയാത്ത പല കാര്യങ്ങളും പലരും പറഞ്ഞു നടക്കാന്‍ തുടങ്ങി.
പത്താം ക്ലാസ് വരെ ഗേള്‍സ് സ്‌കൂളിലാണ് പഠിച്ചത്. പ്ലസ് വണ്‍, പ്ലസ് ടു മിക്‌സ്ഡ് സ്‌കൂളിലും. അവിടെയും ഞാന്‍ ബുള്ളിയിങ്ങ് ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് ബുള്ളിയിങ്ങ് എന്താണെന്നു പോലും എനിക്ക് അറിയില്ലായിരുന്നു. ഒരാള്‍ എന്നെ പ്രപ്പോസ് ചെയ്തപ്പോള്‍ ഞാനും തിരിച്ച് ഇഷ്ടമാണെന്നു പറഞ്ഞു. പിന്നീട് അതു ശരിയാവില്ലാന്നു തോന്നിയപ്പോള്‍ വേണ്ടാന്നു വെച്ചതിനു ശേഷം ചില കുട്ടികള്‍ എന്നെ കൂട്ടം ചേര്‍ന്ന് മാനസികമായി ആക്രമിച്ചു. ഭയങ്കര ഷെയ്മിംങ്ങ് ആയിരുന്നു. ക്ലാസിലേക്കു കയറി വരുമ്പോള്‍ ബോര്‍ഡില്‍ എന്റെ ചിത്രം വരച്ചിട്ട് ഓരോന്നു എഴുതിവെയ്ക്കുന്നതായിരിക്കും കാണുക. കുട്ടികളെല്ലാം എന്നെ നോക്കി ചിരിക്കും.
ശരിക്കും ഒറ്റയ്ക്കായിരുന്നു ഞാന്‍. ഒരുകൂട്ടം ആളുകളുടെയിടയില്‍ ഒറ്റപ്പെട്ട അവസ്ഥ. ഇന്നും എനിക്കുള്ള ട്രോമകളുടെ പ്രധാന കാരണമായി കാണുന്നത് എട്ടാം ക്ലാസ് മുതലുള്ള ആ കാലഘട്ടമാണ്. ഇന്നും ആളുകളെ ഫേസ് ചെയ്യാന്‍ എനിക്ക് പേടിയാണ്. എക്‌സ്ട്രവേര്‍ട്ട് ആയിട്ടുള്ള ഒരാളല്ല ഞാന്‍. അങ്ങനെയൊരു സ്‌പേസില്‍ നിന്ന് ഇവിടം വരെ എത്താന്‍ പറ്റിയതില്‍ അഭിമാനമുണ്ട്”.
















