ജയറാം, ഗിന്നസ് പക്രു, സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാർ തുടങ്ങിയ വമ്പൻ താരങ്ങൾ അഭിനയിച്ച ചിത്രമാണ് ‘മൈ ബിഗ് ഫാദർ’. മഹേഷ് പി. ശ്രീനിവാസൻ സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ‘നിറതിങ്കളേ നറുപൈതലേ’ എന്ന ഗാനം ഇപ്പോൾ യൂട്യൂബിൽ തരംഗമാവുകയാണ്. യൂട്യൂബിൽ 50 മില്യൺ കാഴ്ചക്കാരെ ‘നിറതിങ്കളേ നറുപൈതലേ’ എന്ന ഗാനം സ്വന്തമാക്കി.
മലയാളികൾ പോലും അറിയാതെ യൂട്യൂബിൽ 50 മില്യൺ കാഴ്ചക്കാർ എന്ന അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗാനം. നിലവിൽ 53 മില്യണിലധികം വ്യൂസാണ് ഗാനത്തിന്റെ നേട്ടം. കെ.ജെ. യേശുദാസ് ആലപിച്ച വയലാർ ശരത്ചന്ദ്രവർമ്മയുടെ വരികളിൽ അലക്സ് പോളാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗിന്നസ് പക്രുവും ഇന്നസെന്റുമാണ് ഗാനരംഗങ്ങളിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. ‘മൈ ബിഗ് ഫാദർ’ എന്ന സിനിമയിലെ ഗാനം ഉയരം കുറഞ്ഞ ഒരച്ഛനും ഉയരം കൂടിയ മകനും തമ്മിലുള്ള ആത്മബന്ധം മനോഹരമായി ചിത്രീകരിക്കുന്നു. ചിത്രത്തിൽ ഗിന്നസ് പക്രു അച്ഛനായും ജയറാം മകനായും വേഷമിട്ടു. കനിഹയായിരുന്നു നായിക.
ഈ ഗാനം ഇത്രയധികം ഹിറ്റാക്കിയയത് പ്രധാനമായും വിദേശികളാണ് എന്നതാണ് ഏറെ ശ്രദ്ധേയം. ‘എപി മലയാളം സോങ്‌സ്’ എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഗാനത്തിന്റെ കമന്റ് ബോക്‌സ് നിറയെ വിവിധ വിദേശ ഭാഷകളിലുള്ള അഭിപ്രായങ്ങളാണ്. അച്ഛനും മകനും തമ്മിലുള്ള സ്നേഹം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ഗാനം ഭാഷാഭേദമില്ലാതെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. ഗാനരംഗത്തിലുള്ളത് യഥാർത്ഥ അച്ഛനും മകനുമാണെന്ന് പല വിദേശികളും തെറ്റിദ്ധരിച്ചത് ഈ ഗാനത്തിന്റെ വൈകാരികമായ ആഴം വ്യക്തമാക്കുന്നു. ഇത് ഒരു സിനിമാ ഗാനമാണെന്നും, ഗിന്നസ് പക്രു എന്ന നടനാണ് ഇതിലുള്ളതെന്നും ചിലർ കമന്റുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. സതീഷ് കെ. ശിവനും സുരേഷ് മേനോനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ,പി.എ. സെബാസ്റ്റ്യനാണ് ചിത്രം നിർമ്മിച്ചത്.
















