ബോളിവുഡ് നടനും മനുഷ്യസ്‌നേഹിയുമായ സോനു സൂദ് മുതിർന്ന പൗരന്മാർക്ക് അഭയവും പരിചരണവും നൽകുന്നതിനായി വൃദ്ധസദനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. 52-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് 500 പേര്‍ക്ക് വൃദ്ധസദനം സ്ഥാപിക്കാനുള്ള പദ്ധതിയെക്കുറിച്ച് നടൻ വെളിപ്പെടുത്തിയത്.
പിന്തുണയ്ക്കാൻ കുടുംബമില്ലാത്ത പ്രായമായവർക്ക് സുരക്ഷിതവും മാന്യവും അനുകമ്പ നിറഞ്ഞതുമായ ഒരന്തരീക്ഷം നൽകാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. താമസസൗകര്യത്തിനു പുറമെ, അന്തേവാസികൾക്ക് വൈദ്യസഹായം, പോഷകസമൃദ്ധമായ ഭക്ഷണം, വൈകാരിക പിന്തുണ എന്നിവയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ്-19 മഹാമാരിയുടെ കാലത്ത് കുടിയേറ്റ തൊഴിലാളികളെ സഹായിച്ചതിന് അദ്ദേഹം ദേശീയതലത്തിൽ ശ്രദ്ധ നേടിയിരുന്നു. കൂടാതെ, പാവപ്പെട്ട വിദ്യാർത്ഥികൾക്കും രോഗികൾക്കും അദ്ദേഹം പിന്തുണ നൽകിയിട്ടുണ്ട്. സൂദിൻ്റെ മാനുഷിക പ്രവർത്തനങ്ങളോടുള്ള തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സംരംഭവും ആരംഭിക്കുന്നത്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, സോനു സൂദിൻ്റെ തുടർച്ചയായ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. തൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിൽ മുഖ്യമന്ത്രി ജന്മദിനാശംസയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ ജീവകാരുണ്യ പ്രവർത്തനങ്ങളെയും രാജ്യത്തുടനീളം നൽകുന്ന പിന്തുണയേയും പ്രശംസിച്ചു. വരും വർഷങ്ങൾ സന്തോഷവും ആരോഗ്യവും കരുത്തും നിറഞ്ഞതാകട്ടെയെന്നും ചന്ദ്രബാബു നായിഡു ആശംസ നേർന്നു.
ബുധനാഴ്ച ആരാധകർക്കും പാപ്പരാസികൾക്കും ഒപ്പമാണ് സോനു സൂദ് ജന്മദിനം ആഘോഷിച്ചത്. കറുത്ത കാഷ്വൽ ഷർട്ടും കടുംനീല ജീൻസും ധരിച്ച് ജന്മദിന കേക്ക് മുറിക്കുകയും, ആരാധകർ അദ്ദേഹത്തിന് മേൽ പൂവിതളുകൾ വർഷിച്ചപ്പോൾ, സ്നേഹപ്രകടനത്തിൽ സൂദ് വികാരാധീനനാവുകയും ഏവർക്കും നന്ദി പറയുകയും ചെയ്തു.
















