എഎംഎംഎ തെരഞ്ഞെടുപ്പ് ചിത്രം സൂക്ഷ്മ പരിശോധന പൂർത്തിയാക്ക് അന്തിമ ലിസ്റ്റ് പുറത്തുവന്നതോടെ വ്യക്തമായിരിക്കുകയാണ്. ഇപ്പോഴിതാ തെരഞ്ഞെടുപ്പിനെ ചൊല്ലി നടക്കുന്ന വാദപ്രതിവാദങ്ങളെ പരിഹസിച്ച് നടി ഷീലു ഏബ്രഹാം രംഗത്ത് വന്നിരിക്കുകയാണ്. സംഘടനയിൽ നടക്കുന്നത് പരസ്പരം ചെളി വാരി എറിയെൽ ആണെന്നാണ് താരത്തിന്റെ വിമർശനം. പ്രമുഖ മാധ്യമത്തോട് പ്രതികരക്കവെയാണ് ഷീലു ഇക്കാര്യം വ്യക്തമാക്കിയത്. നിലപാടുള്ളവരും മുഖം നോക്കാതെ എല്ലാവരെയും സഹായിക്കുന്നവരും ഗ്രൂപ്പിസം ഉണ്ടാക്കാത്തവരും സംഘടനയുടെ തലപ്പത്ത് വന്നിട്ടേ കാര്യമുള്ളൂവെന്നും താരം പറയുന്നു.
ഷീലു പറയുന്നതിങ്ങനെ………….
നിർമാതാക്കളുടെ സംഘടനയിൽ ഞാൻ അംഗമല്ല, എനിക്ക് താരസംഘടനയായ ‘അമ്മ’യിൽ ആണ് അംഗത്വമുള്ളത്. ഭർത്താവ് നിർമാതാക്കളുടെ സംഘടനയിൽ അംഗമാണ്. അദ്ദേഹം രണ്ടുവർഷം സംഘടനയിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ മത്സരിച്ച് വിജയിച്ച ആളാണ്. ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്ന് അറിവായിട്ടില്ല, ചിലപ്പോഴേ നിൽക്കുകയുള്ളൂ കാരണം അതിനു വേണ്ടി സമയം ചെലവഴിക്കാൻ അദ്ദേഹത്തിന് ഇല്ല, നല്ല തിരക്കുള്ള ആളാണ്. ‘അമ്മ’യിൽ തിരഞ്ഞെടുപ്പ് വരികയാണ്, എല്ലാവർക്കും സ്വീകാര്യരായായവർ വിജയിക്കട്ടെ. എനിക്ക് ഒന്നേ പറയാനുള്ളൂ ജനാധിപത്യം ആണ് എല്ലായിടത്തും വേണ്ടത്. നമ്മളെല്ലാവരും ഒരേ പോലെയാണ്. സിനിമാ മേഖലയിൽ ഹൈറാർക്കി ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. അത് ‘അമ്മ’യിലായാലും നിർമാതാക്കളുടെ സംഘടനയിലായാലും ഹൈറാർക്കി ഉണ്ട്. സിനിമാ മേഖലയിൽ ആണെങ്കിൽ ഒന്നാംനിര താരം, രണ്ടാംനിര താരം, മൂന്നാംനിര താരം എന്നൊക്കെ ഉണ്ട്. പക്ഷേ ഒരു തിരഞ്ഞെടുപ്പ് വരുമ്പോൾ അവിടെ ജനാധിപത്യപരമായി ആളുകളെ തിരഞ്ഞെടുക്കണം, സംഘടനയിലെ അംഗങ്ങൾ ആണ് നേതാക്കളെ തിരഞ്ഞെടുക്കേണ്ടത്. പിന്നെ മത്സരിക്കാൻ നിൽക്കുന്നവർക്ക് അവരവരെ പറ്റി ഒരു ധാരണ ഉണ്ടാകണം.
ഞാൻ പ്രൊഡ്യൂസർ അസോസിയേഷന്റെ ഭാഗമല്ല, അതുകൊണ്ട് പ്രൊഡ്യൂസഴ്സ് അസോസിയേഷനിൽ സ്ത്രീകൾക്ക് കയറിച്ചെല്ലാൻ പറ്റാത്ത ഇടമാണോ എന്ന് ചോദിച്ചാൽ അറിയില്ല എന്നാണ് ഉത്തരം. എനിക്കറിയാൻ പാടില്ലാത്ത കാര്യത്തിനെപ്പറ്റി അഭിപ്രായം പറയാൻ കഴിയില്ലല്ലോ. ‘അമ്മ’ സംഘടനയിൽ ആയാലും സ്ത്രീകളിൽ ഒരുപാട് പേർ മത്സരിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. നേതൃനിരയിൽ ഒക്കെ സ്ത്രീകൾ ഉണ്ടാകുന്നത് നല്ല കാര്യം തന്നെയാണ്. എന്ന് കരുതി സ്ത്രീകൾ മാത്രം വന്നാലും പോര അവിടെ ജെൻഡർ നോക്കിയിട്ട് കാര്യമില്ല കഴിവുള്ളവർ വരണം, ഒരു സംഘടന മുന്നോട്ടു നയിക്കാൻ പ്രാപ്തിയുള്ളവർ വരണം എന്നാണ് എന്റെ അഭിപ്രായം.
നിലപാടുള്ളവരും മുഖം നോക്കാതെ എല്ലാവരെയും സഹായിക്കുന്നവരും ഗ്രൂപ്പിസം ഉണ്ടാക്കാത്തവരും സംഘടനയുടെ തലപ്പത്ത് വന്നിട്ടേ കാര്യമുള്ളൂ. പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് വച്ചാൽ നേതൃനിരയിലേക്ക് വരുന്നവർ പിന്നീട് ഗ്രൂപ്പുകൾ ആയി തിരിഞ്ഞു പ്രവൃത്തിക്കുകയാണ് ചെയ്യാറ്. പലരും ഡബിൾ സ്റ്റാൻഡ് എടുക്കുകയും മലക്കം മറിയും ഒക്കെ ചെയ്യുന്നതാണ് കണ്ടുവരുന്നത്. ഒരു സംഘടനയുടെ തലപ്പത്ത് എത്തുന്നവർ അംഗങ്ങളെ എല്ലാം തുല്യരായി കാണണമല്ലോ. അങ്ങനെയുള്ളവർ ഉണ്ടോ എന്ന് സംശയമാണ് അങ്ങനെയുള്ളവരെ കണ്ടെത്തുക പ്രയാസമായിരിക്കും. സംഘടനയുടെ നേതൃത്വത്തിലേക്ക് വരുന്നവർ പലരും എന്തെങ്കിലുമൊക്കെ നേടാൻ വേണ്ടിയിട്ട് വരുന്നതാണെന്ന് ചിലരുടെ പ്രവർത്തനങ്ങൾ കാണുമ്പോൾ തോന്നാറുണ്ട്. ചിലരാണെങ്കിൽ സംഘടനയുടെ കമ്മിറ്റിയിലേക്ക് വരുമ്പോൾ പെട്ടെന്ന് സ്വഭാവം മാറുന്നതും കണ്ടിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തേക്ക് വരുന്ന ഒരു വ്യക്തി ഒരിക്കലും നിലമറന്നു പ്രവർത്തിക്കരുത്. നേതാവ് എപ്പോഴും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നവർ ആയിരിക്കണം. എല്ലാവരെയും കേൾക്കാൻ ക്ഷമയും സമയവും ഉള്ളവർ വേണം നേതൃനിരയിലേക്ക് വരാൻ.
content highlight: Sheelu Abraham
















