എഎംഎംഎ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ വാദപ്രതിവാദങ്ങൾ കനക്കുകയാണ്. അൻസിബ ഹസൻ നൽകിയ പരാതിയിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ അനൂപ് ചന്ദ്രൻ. പരാതി ഇലക്‌ഷൻ സമയത്ത് തമാശയായി ചെയ്തതായിരിക്കുമെന്നും, ആരെയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സിൽബന്തി എന്ന വാക്ക് സുഹൃത്ത് എന്ന നിലയിലാണ് ഉപയോഗിച്ചതെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു. ട്രഷറർ സ്ഥാനം ഒഴിച്ചുള്ള നാമനിർദേശപത്രിക എല്ലാം പിൻവലിച്ചുവെന്നും മത്സരം ആരോഗ്യപരമായിരിക്കുമെന്നും അനൂപ് ചന്ദ്രൻ വ്യക്തമാക്കി.
അനൂപ് ചന്ദ്രൻ പറയുന്നതിങ്ങനെ…..
മത്സരം നന്നാവും. ആരോഗ്യപരമായ ഒരു മത്സരമായിരിക്കും. ആ മത്സരത്തിൽ കൂടെ ‘അമ്മ’യുടെ സമ്പത്ത് ഒരു നിധികാക്കുന്ന ഭൂതത്തെ പോലെ കാത്തുസൂക്ഷിച്ച് അത് എത്തേണ്ടവരിൽ തന്നെ കൃത്യമായി എത്തിക്കാനുള്ള എല്ലാവിധ ശ്രമവും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. എനിക്കെതിരെ നൽകിയ പരാതി ഒക്കെ വെറുതെ, ഇതൊക്കെ ഇലക്ഷൻ അല്ലേ, അപ്പോ എന്തെങ്കിലുമൊക്കെ പറഞ്ഞ് ചുമ്മാ ഒരു രസമൊക്കെ വേണ്ടേ വെറുതെ നമ്മൾ ബലം പിടിച്ചു നിന്നാൽ മതിയോ. ഇലക്ഷൻ ആകുമ്പോൾ ഒരു രസം ഒക്കെ വേണം. ആരെയും അധിക്ഷേപിച്ചിട്ടില്ല, അധിക്ഷേപിക്കുക എന്നുള്ളത് എന്റെ ഒരു സംസ്കാരമല്ല. ഒരാളോടും പറയേണ്ട കാര്യങ്ങൾ മാത്രമേ ഞാൻ പറയാറുള്ളൂ.
ഒരാളെയും മോശമായി കണ്ടിട്ടില്ല, ‘ഐ പ്ലസ് യു പ്ലസ്’ എന്ന് കാണുന്ന ഒരാളാണ് ഞാൻ. ഞാൻ കേമനാണ് എന്ന് എനിക്ക് വിശ്വാസമുണ്ട്. പക്ഷേ എന്റെ മുൻപിൽ നിൽക്കുന്നവരും കേമന്മാരാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. മത്സരത്തിൽ നിന്ന് പിന്മാറുന്നവർക്ക് പിന്മാറാം മത്സരിക്കേണ്ടവർക്ക് മത്സരിക്കാം. എന്തുകൊണ്ടാണ് ബാബുരാജ് പിന്മാറിയത് എന്ന് ചോദിച്ചാൽ എനിക്കറിയില്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനം ആയിരിക്കും. ഞാൻ ഉന്നയിച്ചത് ആരോപണങ്ങൾ അല്ല, എന്റെ ചില ആശങ്കകളാണ് ഞാൻ പങ്കുവച്ചത്, അത് ‘അമ്മ’ അസോസിയേഷന്റെ വാട്സാപ്പ് ഗ്രൂപ്പിലാണ് പങ്കുവെച്ചത്. അദ്ദേഹം പിന്മാറിയത് എന്താണ് എന്ന് എനിക്കറിയില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്.
ഞാൻ ആരെയും അധിക്ഷേപിച്ചിട്ടില്ല. ‘സിൽബന്തി’ എന്ന് പറഞ്ഞാൽ സുഹൃത്ത്, അടുത്ത ആള് എന്നൊക്കെയേ അതിനർഥമുള്ളൂ. അത് എല്ലാവരും ഉപയോഗിക്കുന്ന വാക്കാണ്. അതിനപ്പുറത്ത് പ്രത്യേകിച്ച് വലിയ കാര്യമൊന്നുമില്ല. ഞാൻ നൽകിയ നാമനിർദേശ പത്രികകളിൽ ബാക്കിയെല്ലാം പിൻവലിച്ചു, ഇപ്പോൾ ട്രഷറുടെ സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. ബാക്കി ഉള്ളതിൽ എന്നെക്കാളും മൂത്തവരൊക്കെ ഉണ്ടല്ലോ, കൊള്ളാവുന്നവരും ഉണ്ടല്ലോ അവരൊക്കെ മത്സരിക്കാകട്ടെ. ഒന്നോ രണ്ടോ മൂന്നോ നാലോ എത്ര വനിതകൾ വേണമെങ്കിലും വരട്ടെ.
ട്രഷറർ ആയി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, ധനം കൃത്യമായി വിനിയോഗിക്കുക എന്നുള്ളതാണ്. ധനപരമായ വിനിയോഗത്തിന് ഒരു അച്ചടക്കം ഉണ്ടാക്കും. പുതിയ കമ്മിറ്റി അധികാരത്തിൽ വരുമ്പോൾ ഒരു ഓഡിറ്റ് ഉണ്ടാകും ഓഡിറ്റ് ഒക്കെ ഉണ്ടാക്കി ‘അമ്മ’യിൽ എന്തെങ്കിലും സാമ്പത്തിക തിരിമറികൾ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കട്ടെ. ഓഡിറ്റ് നടന്നതിന് ശേഷം ക്രമക്കേട് നടന്നിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും മാധ്യമസുഹൃത്തുക്കളെ ഞങ്ങൾ വിളിച്ചുവരുത്തി എല്ലാം പറയുന്നതായിരിക്കും.
















