നിർമിത ബുദ്ധിയുടെ (എഐ) കടന്നുവരവ് തൊഴിൽ മേഖലകളിൽ വലിയ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. എങ്കിലും ഇതിനോടനുബന്ധിച്ചുള്ള പ്രതിസന്ധികളും പഠന വിഷയമായിട്ടുണ്ട്. മൈക്രോസോഫ്റ്റ് ഗവേഷകർ എഐയുടെ തൊഴിൽ മേഖലയിലെ സമീപനത്തെക്കുറിച്ച് നടത്തിയ പഠനത്തിൻ്റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
എഐ വിവിധ ജോലികളിൽ എങ്ങനെ ഉപയോഗിക്കുന്നുവെന്നും എത്രമാത്രം വിജയകരമാകുന്നുണ്ടെന്നും ഈ പഠനം വിശകലനം ചെയ്യുന്നു. കോപൈലറ്റിൻ്റെ 200,000 ഉപയോക്തൃ ഇടപെടലുകൾ ഉൾപ്പെടുന്ന ഡാറ്റാസെറ്റ് ഗവേഷകർ ഇതിനായി വിലയിരുത്തി. വിവിധ തൊഴിൽ മേഖലകൾക്കായി എഐ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നും ഭാവിയിൽ ഇതിൻ്റെ സംയോജനം എത്രമാത്രം സാധ്യതയുള്ളതായിരിക്കാം എന്നും ഇതിലൂടെ കണക്കാക്കി.
ഓഫിസ് ജോലികളിലാണ് എഐ കൂടുതൽ ഉപയോഗിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. എഴുത്തു ജോലികൾ, പഠനം, ഗവേഷണം എന്നിവക്ക് എഐ ഏറെ ഫലപ്രദമാണ്. ഇതിൽത്തന്നെ വിവർത്തകർ, ചരിത്രകാരന്മാർ, എഴുത്തുകാർ തുടങ്ങിയവരും ഉൾപ്പെടുന്നു. ഇതിന് വിപരീതമായി ഏറ്റവും കുറഞ്ഞ തരത്തിൽ എഐ ഉപയോഗിക്കുന്നത് അധ്വാനം ആവശ്യമുള്ള ജോലികളിലും വ്യവസായങ്ങളിലുമാണ്. ഹെവി മെഷിനറികളും മോട്ടോർ ഓപ്പറേറ്റർമാരും, ഹൗസ് കീപ്പർമാർ, തെറാപ്പിസ്റ്റുകൾ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.
എന്നാൽ ഭാഷയുടെ ഉപയോഗം മാത്രമാണ് ചാറ്റ്ബോട്ടുകൾ നേരിടുന്ന ഒരു പ്രതിസന്ധി. കൂടാതെ, ഭാഷകൾ ചില സാഹചര്യങ്ങളിൽ ഓട്ടോമേറ്റ് ചെയ്യാനുള്ള സാധ്യതയും വളരെ കുറവാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
ചില തൊഴിലുകളിൽ എഐയുടെ ഉപയോഗം വളരെ കൂടുതലാണെങ്കിലും ഏതെങ്കിലും ഒരു തൊഴിലുമായി ബന്ധപ്പെട്ട എല്ലാ ജോലി പ്രവർത്തനങ്ങളിലും എഐ ഇതുവരെ സ്വാധീനിച്ചിട്ടില്ലെന്ന് ഗവേഷകർ വ്യക്തമാക്കി. ആളുകൾ എഐ ഉപകരണങ്ങൾ ഉപയോഗിക്കുന്ന രീതിയിലുള്ള വ്യതിയാനം ഫലങ്ങളെ സങ്കീർണമാക്കുന്നുവെന്ന് അവർ പറയുന്നു. അതായത് ചരിത്രകാരന്മാർ, ശാസ്ത്രജ്ഞർ, എഴുത്തുകാർ എഐ ഉപയോഗിക്കുന്നത് വ്യത്യസ്തതരം ആവശ്യങ്ങൾക്കാണ്. അതിനനുരിച്ച് എഐയെ പ്രതിനിധീകരിക്കുന്നു.
തൊഴിലുകളിൽ എഐയുടെ ഫലംകൊണ്ട് സാധ്യതയുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് പറയുമ്പോൾ ജാഗ്രത പാലിക്കണമെന്ന നിർദേശമാണ് മൈക്രോസോഫ്റ്റ് ടീം മുന്നോട്ടുവെക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് എഐയുടെ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തുമ്പോൾ ചില അശ്രദ്ധകൾ മൂലം പല സാമ്പത്തിക തകർച്ചകളും സംഭവിക്കാം. അതുകൊണ്ടുതന്നെ ഉപയോഗങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതിനോടൊപ്പം ജാഗ്രത പാലിക്കുന്നതും നന്നായിരിക്കും. ഇത് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന് നിങ്ങളെ സഹായിക്കും. തൊഴിലുകൾ തെരഞ്ഞെടുക്കുമ്പോഴും മുൻകരുതലുകൾ എടുക്കാമെന്നും ഗവേഷകർ നിർദേശിക്കുന്നുണ്ട്.
എഐ അധിഷ്ഠിത തൊഴിൽ മേഖലകളിൽ ചില വ്യവസായ പ്രമുഖരുടെ അഭിപ്രായങ്ങളും പ്രധാനമാണ്. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ അടുത്തിടെ ചില തൊഴിൽ വിഭാഗങ്ങൾ പൂർണമായും ഇല്ലാതാകാം എന്ന് പ്രസ്താവിച്ചിരുന്നു. ഇതിന് ഉദാഹരണമായി പറയുന്നത് എഐ കാരണം പല തൊഴിൽ മേഖലകളിൽ നിന്നും ജീവനക്കാരെ പിരിച്ചുവിട്ടു എന്നാണ്. ഇതേ പ്രവണതതന്നെ ബിസിനസുകൾക്ക് ഉപദേശം നൽകുന്ന ഒരു സിഇഒ ആയ എലിജാ ക്ലാർക്കും സ്വീകരിക്കുകയുണ്ടായി. എന്നാൽ തൊഴിൽ മേഖലകൾക്ക് വളരെയധികം പ്രയോജനാത്മകമാണ് എഐയുടെ സേവനങ്ങൾ എന്നും അവർ കൂട്ടിച്ചേർത്തു.
















