ഇന്ത്യന്‍ സിനിമാസംഗീതത്തെ മാറ്റിമറിച്ച താരമാണ് എ.ആർ റഹ്മാൻ. ഇപ്പോഴിതാ ഗാനഗന്ധർവൻ കെ.ജെ. യേശുദാസിനെ നേരിൽ കണ്ട് എ.ആർ റഹ്മാൻ. അമേരിക്കയിലെ ഡാലസിലെ വീട്ടിലെത്തിയാണ് എ.ആർ റഹ്മാൻ യേശുദാസിനെ കണ്ടത്. ഒന്നിച്ചുള്ള ചിത്രങ്ങൾ റഹ്മാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ചിത്രത്തിനു വലിയ ജനശ്രദ്ധയാണ് ലഭിക്കുന്നത്.

‘കുട്ടിക്കാലത്തെ എന്റെ പ്രിയ ഗായകനെ അദ്ദേഹത്തിന്റെ ഡാലസിലെ വീട്ടിൽ വെച്ച് കണ്ടുമുട്ടി. യേശുദാസ്… അദ്ദേഹത്തിന്റെ ഗവേഷണങ്ങളിലും ഇന്ത്യൻ ശാസ്ത്രീയ (കർണാടിക്) സംഗീതത്തോടുള്ള സ്നേഹത്തിലും ഞാൻ അദ്ഭുതപ്പെട്ടു!’– ചിത്രത്തോടൊപ്പം എ.ആർ റഹ്മാൻ കുറിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി യേശുദാസും കുടുംബവും അമേരിക്കയിലെ ഡാലസിലാണു താമസം. കോവിഡ് കാലത്തിനു ശേഷം അദ്ദേഹം ഇന്ത്യയിലേക്കു വന്നിട്ടില്ല.
സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. ‘മില്യൻ ഡോളർ സ്മൈൽസ്’ എന്ന് ഗായിക ഹർഷ്ദീപ് കൗർ കമന്റ് ചെയ്തു. ‘ഹാർട്ട്സ്’ എന്നാണ് നടി അമല പോൾ ചിത്രത്തിന് കമന്റ് ചെയ്തത്. റാപ്പർ ഹനുമാൻകൈൻഡ്, ഗായകൻ ഹരിശങ്കർ, വിനയ് ഫോർട്ട്, ആർഷ ബൈജു എന്നിവരും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.
















