അനശ്വര രാജൻ നായികയായി എത്തിയ വ്യസനസമേതം ബന്ധുമിത്രാദികളുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 14ന് മനോരമ മാക്സിലാണ് ചിത്രം എത്തുക.ഒരു മരണവീട്ടിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയായിരുന്നു ചിത്രം. അനശ്വര രാജൻ, സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, നോബി മാർക്കോസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അശ്വതി കിഷോർ ചന്ദ്, അരുൺ കുമാർ, ദീപു നാവായിക്കുളം, അജിത് കുമാർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. എസ്. വിപിനാണ് ചിത്രത്തിന്റെ സംവിധായകൻ.
എസ് വിപിൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. തെലുങ്കിലെ നിർമാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘വാഴ’യ്ക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വ്യസനസമേതം ബന്ധുമിത്രാദികൾക്കുണ്ട്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ജൂൺ 13നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. റഹീം അബൂബക്കർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. എഡിറ്റർ- ജോൺകുട്ടി, സംഗീതം- അങ്കിത് മേനോൻ എന്നിവരും നിർവ്വഹിച്ചു.
















