നടന്‍ കൃഷ്ണകുമാറിന്റ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ അടുത്തിടെയാണ് സാമ്പത്തിക തട്ടിപ്പ് നടന്നത്. സാമ്പത്തിക തട്ടിപ്പ് നടത്തിയതില്‍ തെളിവുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ സ്ഥാപനത്തില്‍ തട്ടിപ്പു നടത്തിയവര്‍ക്കെതിരെ വീണ്ടും പ്രതികരിച്ച് ദിയ കൃഷ്ണ. മകന്‍ നിയോമിന്റെ നൂലുകെട്ടിന് മുന്നോടിയായി സ്വര്‍ണം വാങ്ങാനെത്തുന്ന വ്‌ളോഗ് ആണ് ദിയ ഏറ്റവുമൊടുവില്‍ പങ്കുവെച്ചിരിക്കുന്നത്. ഈ വ്‌ളോഗിലാണ് ദിയ തട്ടിപ്പുകാരികള്‍ക്കെതിരെ വീണ്ടും രംഗത്തു വന്നത്.
ദിയയുടെ വാക്കുകള്‍….
”ഈ വ്‌ളോഗ് വിനീത, ദിവ്യ, രാധാ കുമാരി എന്നിവര്‍ കാണുന്നുണ്ടെങ്കില്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. എടുത്തുകൊണ്ടു പോയ പകുതി പൈസയെങ്കിലും തന്നാല്‍ ഇവിടുന്ന് കുറച്ച് സ്വര്‍ണം കൂടി വാങ്ങിക്കുന്നതായിരിക്കും. ആരെങ്കിലും ഈ വീഡിയോ കണ്ടാല്‍ ഇക്കാര്യം അവരെ അറിയിക്കേണ്ടതാണ്”.
കേസില്‍ വിനീത, രാധാകുമാരി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയയുടെ പരാതി. ഇതില്‍ രണ്ടു പേരാണ് കോടതിയെ സമീപിച്ചത്. കേസില്‍ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ജീവനക്കാരികള്‍ ക്യു ആര്‍ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്റെ പരാതി. ദിയയുടെ കടയില്‍ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍.
















