71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര തിളക്കത്തിൽ പ്രതികരണവുമായി മികച്ച സഹനടനായി തിരഞ്ഞെടുത്ത വിജയരാഘവൻ. 2023-ൽ പുറത്തിറങ്ങിയ ‘പൂക്കാലം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിജയരാഘവന് പുരസ്കാരം ലഭിച്ചത്.
‘പണ്ടൊക്കെ പുരസ്‌കാരങ്ങൾ പ്രതീക്ഷിക്കുമായിരുന്നു, ഇപ്പോൾ അങ്ങനെയൊന്നും വിചാരിക്കാറില്ല. കിട്ടിയത് വലിയ സന്തോഷം. പൂക്കാലം സിനിമയ്ക് വേണ്ടി നടത്തിയ രൂപമാറ്റവും അത് വിശ്വസനീയമായി വന്നതും റോണെക്സ് എന്ന മേക്കപ്പ്മാന്റെ കഴിവാണ്. ഈ അവസരത്തിൽ ഇങ്ങനെയൊരു കഥാപാത്രം എനിക്ക് തന്ന സംവിധായകനെയും നിർമാതാവിനേയും ഓർക്കുന്നു. അവർ തന്ന അവസരമാണ് എന്നെ അവാർഡിന് അർഹനാക്കിയത്’- അദ്ദേഹം പ്രതികരിച്ചു. അമ്പതിലധികം വർഷങ്ങൾ ചലച്ചിത്രമേഖലയിൽ പൂർത്തിയാക്കിയ വേളയിലാണ് വിജയരാഘവനെത്തേടി ദേശീയ പുരസ്‌കാരം എത്തിയിരിക്കുന്നത്. 2023-ൽ ഗണേഷ് രാജ് രചനയും സംവിധാനവും നിർവ്വഹിച്ച പുറത്തിറങ്ങിയ പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിജരാഘവൻ ദേശീയ പുരസ്‌കാരത്തിന് അർഹനായത്. ചിത്രത്തിൽ അദ്ദേഹം ഇട്ടൂപ്പ് എന്ന കഥാപാത്രമാണ് അവതരിപ്പിച്ചത്. സിനിമയിലെ അദ്ദേഹത്തിന്റ ഗെറ്റപ്പും അഭിനയ മികവും വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. കെപിഎസി ലീല, ബേസിൽ ജോസഫ്,വിനീഷ് ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.
2023-ൽ ഗണേഷ് രാജ് രചനയും സംവിധാനവും നിർവ്വഹിച്ച പുറത്തിറങ്ങിയ പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിജരാഘവൻ ദേശീയ പുരസ്‌കാരത്തിന് അർഹനായത്. ചിത്രത്തിൽ അദ്ദേഹം ഇട്ടൂപ്പ് എന്ന കഥാപാത്രമാണ് അവതരിപ്പിച്ചത്. സിനിമയിലെ അദ്ദേഹത്തിന്റ ഗെറ്റപ്പും അഭിനയ മികവും വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. കെപിഎസി ലീല, ബേസിൽ ജോസഫ്,വിനീഷ് ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.
മലയാള ചലച്ചിത്ര പ്രവർത്തകർ സ്നേഹത്തോടെ ‘കുട്ടേട്ടൻ’ എന്നു വിളിക്കുന്ന വിജയരാഘവനെ അവാർഡിനു അർഹനാക്കിയത് ‘പൂക്കാലം’ സിനിമയിലെ ‘ഇട്ടൂപ്പ്’ എന്ന കഥാപാത്രമാണ്. ഇതേ കഥാപാത്രത്തിനു വിജയരാഘവൻ ലഭിക്കുന്ന രണ്ടാമത്തെ പ്രധാന പുരസ്കാരമാണിത്. മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ‘ഇട്ടൂപ്പി’ലൂടെ വിജയരാഘവൻ സ്വന്തമാക്കിയിരുന്നു. നായകനായും പ്രതിനായകനായും സ്വഭാവ നടനായും കോമേഡിയനായുമൊക്കെ മലയാളത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വിജയരാഘവനെ മലയാള സിനിമ വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടും അംഗീകരിച്ചിട്ടും ഇല്ല എന്നതാണ് യഥാർഥ്യം.
അഞ്ച് പതിറ്റാണ്ടിലേറെ നീളുന്ന അഭിനയ സപര്യയിൽ വിജയരാഘവനെ തേടി ആദ്യ പുരസ്കാരം നേട്ടം എത്താൻ 2023ൽ റിലീസായ ‘പൂക്കാലം’ വരെ കാത്തിരിക്കേണ്ടി വന്നു. നൂറു വയസ്സുള്ള വയോധികന്റെ വേഷത്തിലാണ് പൂക്കാലത്തിൽ അദ്ദേഹം അഭിനയിക്കുന്നത്. വൃദ്ധ ദമ്പതികൾക്കിടയിലെ പ്രണയവും കലഹവും സംശയവും മനോഹരമായി യുവസംവിധായകൻ ഗണേശ് രാജ് സ്ക്രീനിലേക്ക് പകർത്തി. കെ.പി.എ.സി. ലീലയും വിജയരാഘവനും ദമ്പതി വേഷം അന്വശരമാക്കി. തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, മുരളി, ജഗതി തുടങ്ങി മലയാളത്തിലെ ഏക്കാലത്തെയും മികച്ച സ്വഭാവ നടൻമാർക്കൊപ്പം ചേർത്ത് വായിക്കേണ്ട പേര് തന്നെയാണ് വിജയരാഘവന്റേത്.
നാടകാചാര്യൻ എൻ.എൻ. പിള്ളയുടെയും ചിന്നമ്മയുടെ മകനായി മലേഷ്യയിലാണ് വിജയരാഘവന്റെ ജനനം. അച്ഛൻ എൻ.എൻ. പിള്ളയുടെ വിശ്വകേരള കലാസമിതിയിലൂടെയാണ് വിജയരാഘവൻ അഭിനയത്തിലേക്ക് ചുവടു വയ്ക്കുന്നത്. നാടകത്തിൽ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. 1973ൽ ക്രോസ് ബെൽറ്റ് മണി സംവിധാന ചെയ്ത ‘കാപാലിക’യിലൂടെ സിനിമയിലും അരങ്ങേറി. ‘സുറുമയിട്ട കണ്ണുകളി’ലൂടെ വിജയരാഘവൻ നായകനുമായി.
പൗരുഷം തുളുമ്പുന്ന സ്വാഭവ നടനായും നെഗറ്റീവ് ഛായയുള്ള പ്രതിനായക കഥാപാത്രങ്ങളിലും പൊലീസ് വേഷങ്ങളിലുമാണ് വിജയരാഘവൻ ഏറെ ശോഭിച്ചത്. സൂക്ഷ്മ ചലനങ്ങളിലൂടെയും സംഭാഷണങ്ങളിലെ ശബ്ദ വിന്യാസങ്ങൾ കൊണ്ടും അഭിനയത്തിലെ അനായാസത കൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച നടൻ കൂടിയാണ് വിജയരാഘവൻ.വിജയരാഘവന്റെ അഭിനയത്തിന്റെ റേഞ്ച് മനസ്സിലാക്കാൻ ഒരു ചെറിയ ഉദാഹരണം പറയാം. ‘പൂക്കാലം’, ‘കിഷ്കിന്ധാ കാണ്ഡം’, ‘റൈഫിൾ ക്ലബ്’, ‘ഔസേപ്പിന്റെ ഒസ്യത്ത്’ തുടങ്ങി അടുത്തകാലത്ത് ഇറങ്ങിയ ഈ സിനിമകളിൽ എല്ലാം വിജയരാഘവൻ വയോധികനായ, കുടുംബത്തിലെ മൂത്ത കാരണവരുടെ വേഷത്തിലാണ് എത്തുന്നത്. ഏകദേശം ഒരേ പ്രായത്തിലുള്ള വേഷങ്ങൾ. എന്നാൽ ഈ കഥാപാത്രങ്ങളെയെല്ലാം വ്യത്യസ്തമായും സൂക്ഷ്മമായിട്ടുമാണ് അദ്ദേഹം സ്ക്രീനിലേക്ക് പകർത്തുന്നത്.
കഥാപാത്ര സൃഷ്ടിയിൽ സാമ്യമുള്ളപ്പോഴും കഥാപാത്രങ്ങളിലൊന്നും ആ സാമ്യം കടന്നു വരുന്നതേയില്ല. ‘ഇട്ടൂപ്പും’ ‘അപ്പു പിള്ളയും’ ‘കുഴിവേലി ലോനപ്പ’നും ‘ഔസേപ്പും’ തുടങ്ങി ഓരോ കഥാപാത്രങ്ങൾക്കും ഓരോ ഭാവങ്ങൾ, ഓരോ ചേഷ്ടകൾ. അതാണ് വിജയരാഘവൻ എന്ന നടന്റെ ബ്രില്ല്യൻസ്.‘വിയറ്റ്നാം കോളനി’യിലെ വട്ടപള്ളി, ‘മേലേപറമ്പിൽ ആൺവീട്ടി’ലെ ഗോപികൃഷ്ണൻ, ‘ദേശാടന’ത്തിലെ ശങ്കരൻ, ‘ഏകലവ്യനി’ലെ ചെറാടി കറിയ, ‘റാംജി റാവു സ്പീക്കിങ്ങി’ലെ റാംജി റാവു, ‘ക്രൈം ഫയലി’ലെ ക്ലമന്റ് കാളിയർ അച്ചൻ, ‘ലീല’യിലെ പിള്ളേച്ചൻ, ‘രാമലീല’യിലെ അമ്പാടി മോഹനൻ, ‘രാവണപ്രഭു’വിലെ മുണ്ടയ്ക്കൽ രാജേന്ദ്രൻ, ‘ബിഗ് ബി’യിലെ സി.ഐ. ജോർജ്, ‘ബാഗ്ലൂർ ഡേയ്സി’ലെ കുട്ടന്റെ അച്ഛൻ, ‘ടൂ കൺട്രീസി’ലെ കൊച്ചച്ചൻ, ‘പൊറിഞ്ചു മറിയം ജോസി’ലെ ഐപ്പ് മുതലാളി തുടങ്ങി വിജയരാഘവൻ അനശ്വരമാക്കി മാറ്റിയ എത്രയെത്രെ കഥാപാത്രങ്ങൾ നമുക്ക് മുന്നിലുണ്ട്. തനിക്ക് കിട്ടുന്ന ഓരോ വേഷങ്ങളും മികവുറ്റതാക്കുന്ന വിജയരാഘവൻ ഒരിക്കൽ പോലും പരാതികളോ പരിഭവങ്ങളോ പറയാറില്ല. വിവാദങ്ങളിൽ നിന്ന് വഴിമാറി നടക്കാൻ അദ്ദേഹം എപ്പോഴും ജാഗ്രത പുലർത്താറുമുണ്ട്.
















