എഴുപത്തൊന്നാമത് ദേശീയപുരസ്കാര നേട്ടത്തിൽ ഉർവശിയെ കുറിച്ച് ഉള്ളൊഴുക്കിന്റെ സംവിധായകൻ ക്രിസ്റ്റോ ടോമി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശിക്ക് മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരത്തിനാണ് അർഹയായത്.
വളരെ ബുദ്ധിമുട്ടിയാണ് ഉർവശി ഉളൊഴുക്കിലെ ‘അമ്മ കഥാപാത്രം ചെയ്തതെന്ന് ക്രിസ്റ്റോ ടോമി പറഞ്ഞു. ദിവസങ്ങളോളം വെള്ളത്തിൽ നിന്ന് അഭിനയിച്ചിട്ട് പലവിധ രോഗങ്ങൾ അലട്ടിയിരുന്നുവെന്നും ഒരു ഷോട്ട് എടുക്കുമ്പോൾ തങ്ങൾ ഉർവശിയുടെ അഭിനയം കണ്ടിട്ട് കട്ട് പറയാൻ മടിച്ചു എന്നും ക്രിസ്റ്റോ ടോമി പറയുന്നു. ഉർവശിക്ക് പുരസ്‌കാരം ലഭിക്കുമെന്ന് ഉറപ്പായിരുന്നു എന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ക്രിസ്റ്റോ ടോമി പറഞ്ഞു. ഉള്ളൊഴുക്കിന് മികച്ച പ്രാദേശിക ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. “ഉർവശി ചേച്ചിക്ക് ലഭിച്ച അംഗീകാരം പ്രതീക്ഷിച്ചിരുന്നതാണ് കാരണം അത്രത്തോളം മനസ്സുലച്ച പ്രകടനമാണ് ചേച്ചി കാഴ്ചവച്ചത്. കണ്ടവരൊക്കെ അത് തന്നെയാണ് പറഞ്ഞത്. പലരും സിനിമ കണ്ടിട്ട് എന്നോട് പറഞ്ഞത് ഉർവശിച്ചേച്ചിയുടെ മടങ്ങിവരവ് കുറിച്ച സിനിമയാണ് ഉള്ളൊഴുക്ക് എന്നാണു. അതിനൊരു കാരണമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്.
സിനിമ കണ്ടവർക്കറിയാം ചേച്ചിയുടെ പ്രകടനം വളരെ സത്യസന്ധമായിരുന്നു. എന്ത് വികാരം കിട്ടിയാലും അത് ചേച്ചിയുടെ ഉള്ളിലേക്ക് പോയിട്ട് ഉള്ളിൽ തൊട്ടു സത്യസന്ധമായാണ് പുറത്തേക്ക് വരുന്നത്. അത് അഭിനയം ആണെന്ന് പോലും തോന്നില്ല. ഞാൻ തന്നെ എഴുതിവച്ചത് ചേച്ചിയും പാർവതിയും അഭിനയിക്കുന്നത് കണ്ടിട്ട് ഞാൻ പോലും ഇമോഷണലായി നിന്നുപോയിട്ടുണ്ട്. സിനിമയുടെ ആദ്യം ഒരു രണ്ടു മിനിട്ടുള്ള ലോങ്ങ് ടേക്ക് ഉണ്ട് അതിൽ ചേച്ചി വന്നിരിക്കുകയും ആക്ഷൻ എന്ന് പറഞ്ഞപ്പോൾ പിന്നെ കാണുന്നത് ഒരു മാജിക്ക് ആണ്. കട്ട് പറഞ്ഞിട്ട് ഞങ്ങൾക്ക് വേറെ ആംഗിൾ എടുക്കണമായിരുന്നു പക്ഷെ ചേച്ചി ചെയ്യുന്നതിൽ ഇടപെടാതിരിക്കാൻ വേണ്ടി ഞങ്ങൾ കട്ട് പറയാതെ ഇരുന്നു. സിനിമയിൽ ആ ഒരൊറ്റ ഷോട്ട് ആയിട്ടാണ് ഞങ്ങൾ ആ സീൻ എടുത്തത് ബാക്കി പ്ലാൻ ചെയ്ത ഷോട്ട് എല്ലാം ഉപേക്ഷിച്ചു. ഞങ്ങളെ അത്ഭുതപ്പെടുത്തുന്ന പെർഫോമൻസ് ആയിരുന്നു ചേച്ചിയുടേത്. ഈ സ്ക്രിപ്റ്റ് ഞാൻ എഴുതി ഡിസ്കഷനായി ചെന്നൈയിൽ പോയി ചേച്ചിയോടൊപ്പം സംസാരിച്ചിട്ട് വന്നപ്പോൾ എനിക്ക് ഒരു യൂണിവേഴ്സിറ്റിയിൽ പോയി ക്രഷ് കോഴ്സ് ചെയ്ത അനുഭവമായിരുന്നു. സ്ക്രിപ്റ്റിലെ ഓരോ രംഗങ്ങളും ചർച്ച ചെയ്യുമ്പോൾ അതുപോലെ ഒരു അനുഭവം ചേച്ചിക്ക് പറയാൻ ഉണ്ടാകും. എല്ലാ ഇമോഷനും സത്യസന്ധതയോടെ ഉള്ളിൽ തട്ടി ജെനുവിന് ആയിട്ടാണ് തരുന്നത്. സിനിമയ്ക്കായി ചേച്ചി വളരെ ബുദ്ധിമുട്ടി. വെള്ളത്തിൽ നിന്ന് അഭിനയിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സിനിമയുടെ ലൊക്കേഷനിൽ ഓരോ ആൾക്കാരും ഓരോ സമയം അസുഖം വന്നു പോയിക്കൊണ്ടിരുന്നു. എല്ലാവര്ക്കും കാലിനു ബുദ്ധിമുട്ട് ഉണ്ടായി.
കാലിലെ ആ ബുദ്ധിമുട്ടു മാറിയിട്ടില്ല എന്ന് ചേച്ചി ഇന്ന് കാണുമ്പോഴും പറയും. രാവിലെ വരുന്നത് മുതൽ വെള്ളത്തിൽ നിന്ന് അഭിനയിക്കുക , വെള്ളം നനഞ്ഞ ഉടുപ്പിട്ടു വൈകിട്ടുവരെ നിൽക്കുക , ഭക്ഷണം കഴിക്കുക, ഇതെല്ലം ബുദ്ധിമുട്ട് ആയി തോന്നുമെങ്കിലും അവിടെ നിന്നിട്ടു പോലും ഇത്രയും മനസ്സിൽ തൊടുന്ന പ്രകടനം കാഴ്ചവച്ചാൽ നമുക്ക് ചേച്ചിയുടെ ആ ഒരു കഴിവ് ഊഹിക്കാവുന്നതേ ഉള്ളൂ. ചേച്ചിയെ വിളിക്കാൻ സമയം കിട്ടിയില്ല, ഇനി ഉടനെ വിളിക്കും. സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ ചേച്ചിക്ക് വലിയ സന്തോഷമായിരുന്നു, ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു. ഈ തിരക്കൊഴിഞാൻ ആദ്യം വിളിക്കുന്നത് ചേച്ചിയെ ആയിരിക്കും.” ക്രിസ്റ്റോ ടോമി പറയുന്നു.
















