ദേശീയ പുരസ്‌കാരത്തിന്റെ നിറവിൽ ബോളിവുഡ് താരം റാണി മുഖർജി. ‘മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള അംഗീകാരം താരത്തെ തേടി വന്നത്. ഇപ്പോഴിതാ മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ ആദ്യമായി ദേശീയ അവാർഡ് ലഭിച്ച സന്തോഷത്തിലാണ് നടി റാണി മുഖര്‍ജി.
‘എന്റെ പ്രകടനത്തെ ആദരിച്ച ദേശീയ പുരസ്‌കാര ജൂറിയ്ക്ക് ഞാന്‍ നന്ദി പറയുന്നു. ഈ നിമിഷം ഞാന്‍ സിനിമയുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകരുമായും പങ്കുവെക്കുന്നു. നിര്‍മാതാക്കളായ നിഖില്‍ അദ്വാനി, മോനിഷ, മധു, സംവിധായിക ആഷിമ ചിബ്ബര്‍ എന്നിവര്‍ക്കെല്ലാം നന്ദി. എന്നെ സംബന്ധിച്ചിടത്തോളം ഈ പുരസ്‌കാരം എന്റെ 30 വര്‍ഷത്തെ കഠിനാധ്വാനത്തിനും എന്റെ കലയോടുള്ള സമര്‍പ്പണത്തിനും സിനിമയോടുള്ള എന്റെ അടങ്ങാത്ത അഭിനിവേശത്തിനും ലഭിച്ച അംഗീകാരമാണ്.’- അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്താകമാനമുള്ള അമ്മമാര്‍ക്ക് ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നും റാണി പറഞ്ഞു. ‘അമ്മയുടെ സ്‌നേഹത്തിനും സ്വന്തം കുഞ്ഞിനെ സംരക്ഷിക്കാനുള്ള പോരാട്ടവീര്യത്തിനും സമാനമായി മറ്റൊന്നുമില്ല. ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനോടുള്ള സ്‌നേഹം നിരുപാധികമാണ്. എനിക്ക് ഒരു കുഞ്ഞുണ്ടായപ്പോഴാണ് ഞാനിത് തിരിച്ചറിഞ്ഞത്. അതുകൊണ്ടുതന്നെ ഈ സിനിമ എനിക്ക് വൈകാരികമായും വ്യക്തിപരമായും ഏറെ അടുപ്പമുള്ളതാണ്’- അവര്‍ വ്യക്തമാക്കി.
ആരാധകരുടെ നിരുപാധികമായ സ്‌നേഹവും പിന്തുണയുമാണ് തന്നെ മുന്നോട്ടുനയിച്ചതെന്നും റാണി കൂട്ടിച്ചേര്‍ത്തു. തന്റെ മക്കളെ തിരികെ ലഭിക്കാന്‍ നോര്‍വേയിലെ നിയമവ്യവസ്ഥയ്ക്കെതിരെ പോരാടിയ ഇന്ത്യക്കാരിയ അമ്മയുടെ യഥാര്‍ഥ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വെ എന്ന ചിത്രമൊരുക്കിയത്. ഇതിലെ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച റാണി ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
















