എറണാകുളം: മലയാള ചലച്ചിത്ര താരം കലാഭവൻ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന.
നവാസിനെ മരിച്ച നിലയിൽ കണ്ടത് ഹോട്ടൽ റൂം ബോയ് ആണ്. ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു നടൻ. ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനാണ് നവാസ്.
‘പ്രകമ്പനം’ സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലിൽ മുറിയെടുത്തത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മിമിക്രി ഷോകളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്. 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
















