അന്തരിച്ച നടൻ കലാഭവൻ നവാസിന് ആദരാഞ്ജലികളുമായി നടൻ ഷമ്മി തിലകൻ. നവാസ് സ്വന്തം സഹോദരൻ തന്നെയായിരുന്നെന്ന് അദ്ദേഹം സോഷ്യൽ മീഡിയാ പോസ്റ്റിൽ പറഞ്ഞു. നവാസിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്നും ഷമ്മി തിലകൻ കുറിച്ചു. തന്റെ പിതാവ് തിലകനും നവാസിന്റെ പിതാവ് അബൂബക്കറുമായുള്ള ആത്മബന്ധത്തേക്കുറിച്ചും ഷമ്മി തിലകൻ കുറിപ്പിൽ പറയുന്നുണ്ട്.
“പ്രിയ നവാസ്, നീ യാത്രയായി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഒരു സുഹൃത്ത് എന്നതിലുപരി, സ്വന്തം സഹോദരനായിരുന്നു നീ എനിക്ക്. നമ്മുടെ പിതാക്കന്മാർ തമ്മിലുണ്ടായിരുന്ന ആത്മബന്ധം പോലെ, നിയാസും നീയും എനിക്ക് എന്നും സഹോദരതുല്യരായിരുന്നു. ആഴമേറിയ ആ സ്നേഹബന്ധം ഓർമ്മകളിൽ ഒരു നിധി പോലെ എന്നെന്നും ഞാൻ സൂക്ഷിക്കും. നിൻ്റെ വിയോഗം ഹൃദയത്തിൽ ഒരു തീരാനോവാണ്, അനിയാ. നിൻ്റെ ഓർമ്മകൾക്ക് മരണമില്ല. സുന്ദരമായ നിന്റെ ഈ പുഞ്ചിരി, നിൻറെ സ്നേഹം, എല്ലാം… ഒരു മായാത്ത നോവായി എക്കാലവും എന്റെ മനസ്സിൽ ജീവിക്കും. ആദരാഞ്ജലികൾ, പ്രിയ സഹോദരാ”, എന്നായിരുന്നു ഷമ്മി തിലകന്റെ വാക്കുകൾ.
നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ചോറ്റാനിക്കരയിൽ എത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ലൊക്കേഷനിൽനിന്ന് നാലാം തീയതി തിരിച്ചെത്താമെന്നു പറഞ്ഞ് ഹോട്ടൽ മുറിയിലേക്ക് മടങ്ങിയതാണ്. എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലിൽ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്.
മിമിക്സ് ആക്ഷൻ 500 എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നവാസ് ഒട്ടേറെ സിനികളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പ്രശസ്ത നാടക-സിനിമാ നടൻ അബൂബക്കറിന്റെ മകനാണ്. ചലച്ചിത്ര താരം രഹ്നയാണ് ഭാര്യ. മക്കൾ: നഹ്റിൻ, റിദ്വാൻ, റിഹാൻ. നവാസിന്റെ സഹോദരൻ നിയാസ് ബക്കറും നടനാണ്.
















