‘രാഞ്ഛനാ’ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ റീ റിലീസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ ധനുഷ്. ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ മാറ്റം വരുത്തിയതാണ് നടനെ ചൊടിപ്പിച്ചത്.
പുതിയ പതിപ്പിനെതിരെ സംവിധായകൻ ആനന്ദ് എൽ. റായി രംഗത്തെത്തിയതിനു പിന്നാലെയാണിപ്പോള്‍ ധനുഷിന്റെ പ്രതികരണവും എത്തിയിരിക്കുന്നത്. മാറ്റം വരുത്തിയ പുതിയ ക്ലൈമാക്‌സ് സിനിമയുടെ ആത്മാവിനെത്തന്നെ ഇല്ലാതാക്കിയെന്ന് ധനുഷ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് രാഞ്ഛനാ റീ റിലീസ് ചെയ്തത്. തൊട്ടുപിന്നാലെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പ്രതികരണവുമായി ധനുഷ് എത്തി. സിനിമയുടെ മാറ്റം വരുത്തിയ പതിപ്പ് തന്നെ പൂർണമായും അസ്വസ്ഥനാക്കിയെന്ന് ധനുഷ് പറഞ്ഞു.
തന്റെ എതിർപ്പ് അവഗണിച്ചാണ് നിർമാതാക്കൾ പുതിയ പതിപ്പിന്റെ റിലീസുമായി മുന്നോട്ടുപോയത്. 12 വർഷം മുൻപ് ഞാൻ അഭിനയിക്കാൻ സമ്മതിച്ച സിനിമ ഇതല്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമകളിലോ മറ്റ് ഉള്ളടക്കങ്ങളിലോ മാറ്റം വരുത്താൻ എഐ ഉപയോഗിക്കുന്നത് കലയ്ക്കും കലാകാരന്മാർക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്ന ഒരു കീഴ്‌വഴക്കമാണ്. ഇത് കഥപറച്ചിലിൻ്റെ ആത്മാർത്ഥതയ്ക്കും സിനിമയുടെ പാരമ്പര്യത്തിനും ഭീഷണിയാണ്. ഭാവിയിൽ ഇത്തരം പ്രവൃത്തികൾ തടയുന്നതിനായി കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.
















