സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമ കോണ്‍ക്ലേവില്‍ നടത്തിയ ദളിത് വിരുദ്ധ പരാമര്‍ശത്തില്‍ പരാതി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി ആക്ടിവിസ്റ്റ് ദിനു വെയില്‍. SC / ST വിഭാഗത്തിലെ ആളുകള്‍ പൊതുവെ കള്ളന്മാരോ, കുറ്റവാളികളോ, അഴിമതി ചെയ്യാന്‍ സാധ്യത ഉള്ളവരായിട്ടാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം ചിത്രീകരിക്കുന്നതെന്ന് ദിനു വെയില്‍ പ്രതികരിച്ചു.
ദിനു വെയിലിന്റെ പ്രതികരണം…….
‘ഏതൊരു വ്യക്തിക്കും ഏതൊരു സംവിധാനത്തിനകത്തെ അഴിമതിയോ അല്ലെങ്കില്‍ ആ പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചോ പറയാനുള്ള ആവിഷ്‌ക്കാര സ്വാതന്ത്ര്യമുണ്ട്. പക്ഷെ ഇവിടെ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയ്തത് SC / ST വിഭാഗത്തിനായി നീക്കി വെക്കുന്ന ഫണ്ട് കറപ്റ്റഡ് ആകാന്‍ സാധ്യതകള്‍ ഉണ്ട് എന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. ഇത്തരം മുന്‍വിധികള്‍ SC / ST വിഭാഗത്തിലെ ആളുകള്‍ പൊതുവെ കള്ളന്മാരോ, കുറ്റവാളികളോ, അഴിമതി ചെയ്യാന്‍ സാധ്യത ഉള്ളവരായിട്ടാണ് ചിത്രീകരിക്കുന്നത്. ഇത് SC/ST (Prevention of Atrocities)Act ന്റെ Section 3(1)(u)-ല്‍ പറയുന്ന അനിഷ്ടം പ്രോത്സാഹിപ്പിക്കല്‍ കുറ്റത്തിന് വിധേയമാണ്.
SC / ST വിഭാഗത്തിലെ ആളുകള്‍ കെസ്എഫ്ഡിസി കൊടുക്കുന്ന പണം എടുത്തുകൊണ്ട് പോകുന്നു എന്നാണ് പറയുന്നത്. SC/ST സമൂഹത്തിലെ ആളുകള്‍ ധാര്‍മികതയും സത്യസന്ധതയും ഇല്ലാത്തവരാണെന്നുള്ള ചിന്ത ഈ പ്രസ്താവനയിലൂടെ ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ട്. ഈ നാട്ടിലെ മറ്റു എല്ലാ സമുദായങ്ങള്‍ക്കും വേണ്ടി മുലക്കരം അടക്കം മറ്റു അനേകം കാര്യങ്ങള്‍ ഒടുക്കേണ്ടി വന്ന വിഭാഗത്തോടാണോ പൊതു സമ്പത്തിനെക്കുറിച്ച് പറഞ്ഞു മനസിലാക്കി കൊടുക്കണം എന്ന് പറയുന്നത്. ഞങ്ങളെ കള്ളന്മാരാക്കിയും മോഷ്ടാക്കളാക്കിയും ചിത്രീകരിക്കുന്ന പരാമര്‍ശം നടത്തിയാല്‍ ഈ ജനാധിപത്യ രാജ്യത്ത് അതിനെതിരെ നിയമനടപടി ഉണ്ടാകണം’.
അടൂര്‍ ഗോപാലകൃഷ്ണനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലും SC/ST കമീഷനിലും ദിനു വെയില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അടൂര്‍ വിവാദ പ്രസ്താവന നടത്തിയത്. സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിംഗ് കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
അതെസമയം അടൂരിന്റെ ഈ പരാമര്‍ശത്തിനെതിരെ സംവിധായിക ശ്രുതി ശരണ്യവും രംഗത്തെത്തിയിരുന്നു. അടൂരിനുള്ള മറുപടിക്കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചുകൊണ്ടാണ് ശ്രുതി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. തങ്ങള്‍ക്കാര്‍ക്കും സിനിമ ചെയ്യാന്‍ സര്‍ക്കാര്‍ വെറുതെ ഒന്നരക്കോടി തന്നതല്ലെന്നും ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടു നിന്ന നാലോളം റൗണ്ടുകളായുണ്ടായ മത്സരത്തിലൂടെയാണ് തിരക്കഥകള്‍ തെരഞ്ഞെടുക്കപ്പെട്ടതെന്നും അവര്‍ കുറിച്ചു.
ഒന്നരക്കോടി ആരുടെയും സ്വകാര്യ അക്കൗണ്ടിലേക്കല്ല, കെഎസ്എഫ്ഡിസിയുടെ അക്കൗണ്ടിലേക്കാണ് സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്. സിനിമയുടെ നിര്‍മ്മാണ നിര്‍വ്വഹണം മുഴുവനും കെഎസ്എഫ്ഡിസിയുടെ ചുമതലയാണ്. അതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. മാത്രമല്ല ഈ സിനിമകളില്‍ തങ്ങള്‍ക്ക് ലഭിച്ച പ്രതിഫലത്തിനെക്കാള്‍ കൂടുതല്‍ തുക കയ്യില്‍ നിന്നും ചെലവായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
















